കൊച്ചി: സിറിയയില്‍ ആയുധ പരിശീലനം നടത്തിയെന്ന് സംശയിക്കുന്ന മലയാളിയെ ചോദ്യം ചെയ്യുന്നതിന് ഫ്രഞ്ച് പോലീസ് കേരളത്തില്‍. തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാനാണ് ഫ്രഞ്ച് പോലീസ് സംസ്ഥാനത്ത് വിമാനമിറങ്ങിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുബ്ഹാനിയെ സംഘം ചോദ്യം ചെയ്യും. എന്‍ഐഎയുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യുന്നത്. 2015ല്‍ പാരിസില്‍ നടന്ന ഭീകരാക്രമണത്തില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി ആയുധ പരിശീലനം നടത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.
അന്ന് നടന്ന ഭീകരാക്രമണത്തില്‍ 130 പേര് കൊല്ലപ്പെട്ടിരുന്നത്. സംസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ നിലവില്‍ വിചാരണതടവുകാരനായി കഴിയുകയാണ് സുബ്ഹാനി. ഇതാദ്യമായാണ് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെ ജയില്പ്പുള്ളിയെ ചോദ്യം ചെയ്യുന്നത്. ഈ അന്വേഷണത്തിനായി മൂന്ന് ദിവസമാണ് ഇന്ത്യയിലുണ്ടാകുക. ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച വരെ നീളുമെന്നും സൂചനയുണ്ട്. പാരീസ് അക്രമണക്കേസില്‍ അബ്ദുല്‍സലാമിനു പുറമെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഉസ്മാന് എന്നിവര്‍ക്കൊപ്പവും സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ. റിപ്പോര്‍ട്ട്.