ലോകത്തെ പ്രശസ്തമായ അംബരചുംബികളുടെ മുകളില് കയറി പ്രശസ്തനായ ഫ്രഞ്ച് സാഹസികന് റെമി ലൂസിഡി 68 നില കെട്ടിടത്തിന്റെ മുകളില്നിന്നു വീണു മരിച്ചു.
ഹോങ്കോങിലെ ട്രെഗണ്ടര് ടവര് കോംപ്ലക്സിനു മുകളില്നിന്നാണു ലൂസിഡി വീണതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള പെന്റ്ഹൗസിന് പുറത്ത് ലൂസിഡി കുടുങ്ങിപ്പോവുകയായിരുന്നു.
പരിഭ്രാന്തനായ ഇദ്ദേഹം പെന്റ്ഹൗസിന്റെ ജനലില് അടിച്ചെന്നും ഇതുകണ്ട് അവിടെ ജോലി ചെയ്തിരുന്നയാള് ഭയപ്പെട്ടെന്നും റിപ്പോര്ട്ടുകള് പറയുന്നു. പിന്നാലെ കാല്തെറ്റി വീണാണു അന്ത്യമെന്നാണു വിവരം.
നാല്പ്പതാം നിലയിലുള്ള തന്റെ ഒരു സുഹൃത്തിനെ കാണാനെത്തിയതാണെന്നായിരുന്നു കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് ലൂസിഡി പറഞ്ഞത്.
വൈകിട്ട് ആറുമണിയോടെയായിരുന്നു ലൂസിഡി എത്തിയത്. എന്നാല് ലൂസിഡിയെ അറിയില്ലെന്നു 40-ാം നിലയില് താമസിക്കുന്ന ആള് വ്യക്തമാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥന് ഇയാളെ തടയാന് ശ്രമിച്ചു. എന്നാല് അതിനോടകം തന്നെ ലൂസിഡി ലിഫ്റ്റില് കയറിയിരുന്നു.
49ാമത്തെ നിലയില് ലൂസിഡി എത്തുന്നതും തുടര്ന്നു പടിക്കെട്ടുകള് വഴി കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
വൈകിട്ട് 7.38നും ലൂസിഡിനെ ആളുകള് ജീവനോടെ കണ്ടിരുന്നു. പെന്റ്ഹൗസിന്റെ ജനലില് ലൂസിഡി തട്ടുകയും പേടിച്ചുപോയ അപ്പാര്ട്ട്മെന്റിലെ ജോലിക്കാരി പോലീസിനെ വിളിക്കുകയും ചെയ്തിരുന്നു.
പെന്റ്ഹൗസിന് പുറത്ത് കുടുങ്ങിപ്പോയ ലൂസിഡി തന്റെ ബാലന്സ് നഷ്ടമാവുന്നതിന് മുന്പു സഹായത്തിനായി ജനലില് തട്ടുകയായിരുന്നെന്നാണു മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ലൂസിഡിയുടെ കാമറ സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തി.