പാരീസ്: കാർലോസ് അൽകരാസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ചാന്പ്യൻ. ഫൈനലിൽ ലോക മൂന്നാം നന്പർ സ്പാനിഷ് താരം അൽകരാസ് ലോക നാലാം റാങ്ക് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി.
6-3, 2-6, 5-7, 6-1, 6-2നായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. അൽകരാസിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ നേട്ടമാണ്. ഇതോടെ സ്പാനിഷ് താരത്തിന്റെ ഗ്രാൻസ്ലാം ചാന്പ്യൻഷിപ്പുകളുടെ എണ്ണം മൂന്നായി. സ്വരേവിന് ഇതുവരെ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിടാനായിട്ടില്ല. മത്സരത്തിൽ ആദ്യ സെറ്റ് അനായാസം നേടിയ അൽകരാസിന് അടുത്ത രണ്ടു സെറ്റിലും അടിതെറ്റി. എന്നാൽ നാലും അഞ്ചും സെറ്റുകളിൽ സ്വരേവിനെ നിലംപരിശാക്കി കന്നി ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി.
ഡബിൾസിൽ ഗഫ്
കൊക്കോ ഗഫ് – കാതെറിന സിനിയക്കോവ സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിൾസ് കിരീടം. സിനിയക്കോവ എട്ടാം തവണയാണ് വനിതാ ഗ്രാൻസ്ലാം ഡബിൾസ് കിരീടത്തിൽ മുത്തമിടുന്നത്. ഗഫിന്റെ ആദ്യത്തെ ഗ്രാൻസ്ലാം ഡബിൾസ് ചാന്പ്യൻഷിപ്പാണ്.
അമേരിക്ക-ചെക് റിപ്പബ്ലിക് സഖ്യം ഫൈനലിൽ ഇറ്റലിയുടെ സാറാ എറാനി-ജസ്മിൻ പവോലിനി കൂട്ടുകെട്ടിനെ 7-6(7-5), 6-3നാണ് തോൽപ്പിച്ചത്. മേറ്റ് പാവിച്ച്-മാഴ്സലോ അരെവാലോ സഖ്യമാണ് പുരുഷ ഡബിൾസ് ചാന്പ്യന്മാർ.