നിഷ്നി നോവ്ഗോറോഡ്: ഫ്രഞ്ച് പടയോട്ടത്തിനു മുന്നിൽ ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വെയ്ക്കു മറുപടിയുണ്ടായില്ല. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് മറുപടിയില്ലാത്ത രണ്ടു ഗോളിനു ഉറുഗ്വെയെ തകർത്തു. ഫ്രാൻസ് ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾക്കെതിരേ ലോകകപ്പിൽ പുലർത്തുന്ന ആധിപത്യം ലേബ്ലൂസ് നിലനിർത്തി.
കഴിഞ്ഞ പത്ത് ലോകകപ്പ് മത്സരങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്താനായിട്ടില്ല. ആദ്യ പകുതിയിലെ ചില മികച്ച നീക്കങ്ങൾക്കുശേഷം ഉറുഗ്വെ രണ്ടാം പകുതിയിൽ തീർത്തും നിരാശപ്പെടുത്തി. ഒരു ഗോൾ ഷോട്ടുപോലും രണ്ടാം പകുതിയിൽ പിറന്നില്ല. ഫ്രാൻസിനായി റാഫേൽ വാറാനയും ആൻത്വാൻ ഗ്രീസ്മാനുമാണ് ഉറുഗ്വെയുടെ വലകുലുക്കിയത്.
പരിക്കേറ്റ സ്ട്രൈക്കർ എഡിൻസണ് കവാനി ഇല്ലാതെയാണ് ഉറുഗ്വെ ഇറങ്ങിയത്. കവാനിക്കു പകരം ക്രിസ്റ്റ്യൻ സ്റ്റുവാനി ലൂയിസ് സുവരാസിനൊപ്പം മുൻനിരയിൽ കളിച്ചു. കവാനി ഇല്ലാതെവന്നതോടെ ഉറുഗ്വെയുടെ ഉൗർജം മുഴുവൻ നഷ്ടമായി.
ഉറുഗ്വെയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ലൂകാസ് ഹെർണാണ്ടസിന്റെ ഫൗളിൽ ഉറുഗ്വെ ഫ്രീകിക്ക് നേടി. വലതുവിംഗിൽനിന്നു ലൂയിസ് സുവാരസിന്റെ കിക്ക് ബോക്സിനു വലതുവശത്തുനിന്ന സ്റ്റുവാനിയെ തേടിയെത്തി. സ്റ്റുവാനിയുടെ ഷോട്ട് പോസ്റ്റിന് ഇടതുവശത്തുകൂടി പുറത്തായി. തൊട്ടുപിന്നാലെ ഫ്രാൻസും മുന്നേറ്റം നടത്തിയെങ്കിലും ഗോളാക്കാനായില്ല. ഫ്രാൻസിന്റെ മുന്നേറ്റം തടയാൻ ഉറുഗ്വെക്കാർക്ക് ഫൗളുകൾ കാണിക്കേണ്ടിവന്നു.
ഫ്രീകിക്കിൽനിന്ന് ആൻത്വാൻ ഗ്രീസ്മാന്റെ ക്രോസ് ബോക്സിന്റെ നടുവിലുണ്ടായിരുന്ന റാഫേൽ വാറാന്റെ ഹെഡറിനു ലക്ഷ്യം കാണാനായില്ല. കിട്ടിയൊരവസരത്തിൽ ഉറുഗ്വെയുടെ ഹൊസെ ഹിമിനെസിന്റെ ഹെഡർ ഗോളി ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. കൈലിയൻ എംബാപ്പെയുടെ ഹെഡർ നേരിയ വ്യത്യാസത്തിൽ ക്രോസ്ബാറിനു മുകളിലൂടെ പുറത്തായി. ആക്രമണത്തിൽ ഫ്രാൻസിനെക്കാൾ ഉറുഗ്വെ മികവ് കാണിച്ചു. എന്നാൽ, ആദ്യ ഗോൾ ഫ്രാൻസിനായിരുന്നു. റാഫേൽ വെറേനയാണ് ഗോൾ നേടിയത്.
ഒരു ഗോൾ വീണശേഷം ഉറുഗ്വെ തിരിച്ചടിക്കാനുള്ള ശ്രമം ശക്തമാക്കി. ഇതിന്റെ ഫലവും കണ്ടു. 44-ാം മിനിറ്റിൽ ലഭിച്ചൊരു സുവർണാവസരം ഡിയാഗോ ഗോഡിൻ നഷ്ടമാക്കി. മാർട്ടിൻ കാസെറെസിനെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീകിക്ക് ലൂകാസ് ടൊരേരിയയെടുത്തു.
ടൊരേരിയയുടെ കിക്കിൽ കാസെറെസിന്റെ ഹെഡർ ഫ്രാൻസിന്റെ വലയിലേക്ക് കടക്കുമെന്നു തോന്നി. എന്നാൽ ലോറിസ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. റീബൗണ്ട് ചെയ്ത പന്ത് വലയുടെ തൊട്ടുമുന്നിൽവച്ച് ഗോഡിനു ലഭിച്ചെങ്കിലും അടിച്ചു പുറത്തേക്കു കളയുകയാണ് ചെയ്തത്. ലോറിസ് അപ്പോഴും എഴുന്നേറ്റിട്ടില്ലായിരുന്നു.
രണ്ടാം പകുതിയിൽ ഉറുഗ്വെ മുന്നേറ്റം ശക്തമാക്കിയെങ്കിലും ഗോൾ നേടാൻ തക്ക മികച്ച നീക്കങ്ങളൊന്നും പുറത്തുവന്നില്ല. ഫ്രാൻസ് രണ്ടാം ഗോളിനു ഉറുഗ്വെ ഗോളിയുടെ പിഴവും അകന്പടി സേവിച്ചു. ഫെർണാണ്ടോ മുസ്ലേരയ്ക്ക് കുത്തിയകറ്റാമായിരുന്ന പന്താണ് കൈയിൽ തട്ടിമറിഞ്ഞ് വലയിൽ കയറിയത്. തോൽവി ഉറപ്പിച്ചവരെപ്പോലെയാണ് തുടർന്ന് ഉറുഗ്വെ കളത്തിൽ പെരുമാറിയത്. ഗോൾ മടക്കാനുള്ള ഒരു ശ്രമവും ലാറ്റിനമേരിക്കൻ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
ഗോൾ വഴി
ഗോൾ1: റാഫേൽ വാറാൻ (ഫ്രാൻസ്), 40-ാം മിനിറ്റ്. റോഡ്രിഗോ ബെന്റാൻകർ കോറെന്റിൻ ടോലിസോയെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീകിക്ക് ഗ്രീസ്മാൻ എടുത്തു. കിക്കിനു മുന്പ് ഗ്രീസ്മാന്റെ ചെറിയൊരു വൈകിക്കൽ ഉറുഗ്വെൻ പ്രതിരോധക്കാരെ ആശയകുഴപ്പത്തിലാക്കി. പന്ത് കൃത്യമായി വാറാനിലേക്ക്, സ്റ്റുവാനിയെക്കാൾ ഉയരത്തിൽ ചാടിയ വാറാന്റെ ഹെഡർ പോസ്റ്റിന്റെ ഇടതു മൂലയിൽ.
ഗോൾ 2: ആൻത്വാൻ ഗ്രീസ്മാൻ(ഫ്രാൻസ്), 61-ാം മിനിറ്റ്. ബോക്സിനു പുറത്തുവച്ച് ടോലിസോയുടെ പാസ് ബോക്സിനോടു ചേർന്നുനിന്ന ഗ്രീസ്മാന്. ഗ്രീസ്മാന്റെ അടി നേരിട്ട് ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ കൈകളിലേക്കായിരുന്നു. എന്നാൽ, പന്ത് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ച മുസ്ലേരയ്ക്ക് പിഴച്ചു. പന്ത് വഴുതി സ്വന്തം വലയിൽ.