ചേർത്തല: ഇന്റർനെറ്റിലൂടെ ആഗോള വിപണി കണ്ടെത്തി കോടികളുടെ ബിസിനസ് നടത്തി നേട്ടംകൊയ്ത പള്ളിപ്പുറത്തെ സാധാരണ കുടുംബം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. മത്സ്യവിപണത്തിന്റെ സാധ്യത ഇന്റർനെറ്റിലൂടെ കണ്ട് ഓൺലൈൻ മത്സ്യവിപണനം ആരംഭിച്ച പള്ളിപ്പുറം കരോണ്ടുകടവിൽ മാത്യുജോസഫ് എത്തിനിൽക്കുന്നത് കോടികളുടെ മടിക്കിലുക്കത്തിലാണ്. ഇദ്ദേഹം രൂപം കൊടുത്ത ഫ്രെഷ് ടു ഹോം ഡോട്ട് കോമിന്റെ സാധ്യത മുന്നിൽകണ്ടുകൊണ്ട് അതിൽ പങ്കാളികളാകാൻ നിരവധി ആഗോളനിക്ഷേപകരാണ് എത്തിക്കൊണ്ടിരിക്കുന്നതും.
ഇന്റർനെറ്റിലെ പ്രധാനിയായ ഫേസ്ബുക്ക് ആരംഭിക്കുന്നതിനായി ആദ്യ നിക്ഷേപം നടത്തിയ മാർക്ക് പിങ്കസ്, ഗൂഗിൾ വെൻചേർസിന്റെ സിഇഒ ഡേവിഡ് ക്രെയിം, ഗൂഗിൾ ഇന്ത്യ മേധാവി രാജൻ ആനന്ദൻ, സോഫ്റ്റ് ബാങ്ക് മുൻ ഡയറക്ടർ പവൻ ഓങ്കോൾ,സിലിക്കൻവാലി സംരഭകരായ പീറ്റ് ബ്രജർ,വോൾട്ടർ കോർട്സ്ചാക് സിഗയുടെ മുൻ എക്സിക്യൂട്ടിവുകളായ കാഡിർലീ, അലക്സ് ഗാർഡൻ,യുഎഇയിലെ മെഷ്റക് ബാങ്ക് ഉടമയും മസാഫി ഗ്രൂപ്പ് ചെയർമാനുമായ അബ്ദുൽ അസീസ് അൽഖുറയിൽ എന്നിവർ മാത്യു ജോസഫിന്റെ ഓൺലൈൻ വ്യാപാരത്തിൽ നിക്ഷേപം നടത്തിയതോടെയാണ് ഫ്രഷ് ടു ഹോം ലോക ശ്രദ്ധാകേന്ദ്രമായത്. ഇതോടെ സൈറ്റിന്റെ വിപണനമൂല്യം 250 കോടിയിലെത്തിനിൽക്കുകയാണ്. ഒരു മലയാളിയുടെ സ്റ്റാർട്ടപ്പിൽ ആഗോളഭീമരായ പ്രമുഖർ ഇത്രയും നിക്ഷേപം നടത്തുന്നത് ആദ്യമാണെന്ന് മാത്യു ജോസഫ് പറഞ്ഞു.
നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ഫ്രഷ് ടു ഹോം ഈ നിലയിൽ എത്തിയത്. 30 വർഷം മുമ്പ് ഒരു സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയിൽ അക്കൗണ്ടന്റ് ജോലിയിൽ പ്രവേശിച്ചതോടെയാണ് മത്സ്യവിപണിയുമായി ബന്ധപ്പെടുന്നത്. 13 വർഷങ്ങൾക്കുശേഷം ജോലി രാജിവച്ച് മത്സ്യം വിദേശത്തേക്കു കയറ്റുമതി ചെയ്യനാരംഭിച്ചു. എന്നാൽ 2011–ലെ ആഗോളസാമ്പത്തിക പ്രതിസന്ധിയിൽ ബിസിനസ് തകർച്ചയിലായി. പ്രതിസന്ധി തരണംചെയ്യുന്നതിനെക്കുറിച്ച് വീട്ടിൽ നടന്ന ചർച്ചയിൽ ഭാര്യ ലില്ലമ്മ മാത്യുവാണ് ഇന്ത്യൻ മാർക്കറ്റിലെ മത്സ്യവിപണന സാധ്യതകളെക്കുറിച്ച് പറയുന്നത്. ഈ ചർച്ചയാണ് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ മത്സ്യമാർക്കറ്റ് സൈറ്റായ സീടുഹോമിന് 2012–ൽ തുടക്കം കുറിക്കുന്നത്. ആവശ്യക്കാർക്ക് ഫ്രഷ് മത്സ്യം വീടുകളിൽ എത്തിക്കുന്നതായിരുന്നു ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തനമാരംഭിച്ച കമ്പനിയുടെ പ്രധാന ലക്ഷ്യം. ഡൽഹി, ബാംഗളൂർ, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തുർ എന്നീ നഗരങ്ങളിൽ മത്സ്യവിപണനം ആരംഭിച്ചു. കമ്പനിയുടെ ആവശ്യത്തിനുള്ള മത്സ്യം മുഴുവൻ കേരള തീരങ്ങളിൽ നിന്നും വാങ്ങും. ഇത് വിമാനമാർഗമാണ് നഗരകേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്.
എന്നാൽ ഇന്ത്യയിലെ മാർക്കറ്റിനുസരിച്ച് സർവീസ് വിപുലീകരിക്കാനാകാതെ വിഷമിക്കുമ്പോഴാണ് 2015–ൽ ബാംഗളൂരിലെ സ്ഥിരം കസ്റ്റമറും പ്രമുഖ ഗെയിം കമ്പനിയിലെ സിഇഒയുമായ ഷാൻ കടവിൽ സഹായഹസ്തവുമായി എത്തുന്നത്. ഇതാണ് ഫ്രഷ് ടു ഹോം ഡോട്ട് കോമിന്റെ തുടക്കം കാരണമായത്. അതുവരെ മത്സ്യം മാത്രം വിപണനം നടത്തിയിരുന്ന കമ്പനി ചിക്കൻ, മട്ടൻ തുടങ്ങിയ ഇനങ്ങളിലേക്കുംകടന്നു. മാത്യുജോസഫിന്റെ മത്സ്യവ്യവസായത്തിലെ പരിചയസമ്പത്തും ഫ്രഷ് ടു ഹോം ഡോട്ട് കോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഷാൻ കടവിലിന്റെ സാങ്കേതികരംഗത്തെ പരിചയവുമാണ് കമ്പനിയുടെ ഉയർച്ചയ്ക്കു വഴിയായത്. ഇന്നീ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി ഉയർന്നു. ആലപ്പുഴ, ചന്തിരൂർ, ബാംഗളൂർ, ഡൽഹി എന്നിവിടങ്ങളിൽ ഫാക്ടറികൾ പ്രവർത്തിക്കുന്നു. ഒരു ലക്ഷത്തിനുമേൽ രജിസ്റ്റേർഡ് കസ്റ്റമർ ഉള്ള കമ്പനിയിൽ ഇപ്പോൾ അഞ്ഞൂറോളം പേർ ജോലിചെയ്യുന്നു. ബോംബെ, ചെന്നൈ, ഹൈദരാബാദ് തുടങ്ങി 20 നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തിരക്കിലാണ് മാത്യു ജോസഫ്.
ബിസിനസിനോടൊപ്പം പൊതുരംഗത്തും രാഷ്ട്രീയരംഗത്തും മാത്യുജോസഫ് തിളങ്ങിയിരുന്നു. പള്ളിപ്പുറം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി 10 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ എറണാകുളം–അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം,സിഎൽസി എറണാകുളം അതിരൂപത വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചിരുന്നു. ബിസിനസിലെ തിരക്കുമൂലം നാട്ടിലെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമമാണെന്ന് മാത്യുജോസഫ് ദീപികയോട് പറഞ്ഞു. ഭാര്യ ലിലമ്മ മാത്യു,മക്കളായ അന്ന കെ.മാത്യു,അജയ് കെ മാത്യു എന്നിവരും തനിക്ക് സഹായമായി എപ്പോഴും കൂടെയുണ്ടെന്നും മാത്യു ജോസഫ് പറഞ്ഞു