കറ്റാനം: സുഹൃത്തിന്റെ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കളെ ഇന്നും പോലീസ് വിശദമായി ചോദ്യം ചെയ്യും. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ മരണത്തിൽ ഇതുവരെ അസ്വാഭിവകത ഒന്നും കണ്ടെത്താനായിട്ടില്ല.
മാവേലിക്കര തെക്കേക്കര വാത്തികുളം അരുണാലയത്തിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെയും മാലതി കുഞ്ഞമ്മയുടെയും മകൻ അരുണിനെ (48) യാണ് കറ്റാനം ഭരണിക്കാവ് പള്ളിക്കൽ കളരിക്കൽ ജംഗ്ഷനിൽ ഇന്നലെ രാവിലെ സുഹൃത്തിന്റെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്.
അരുൺകുമാർ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അരുണും മൂന്നു സുഹൃത്തുക്കളും കഴിഞ്ഞ ദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അതിനുശേഷം അരുൺ സുഹൃത്തായ മഹേഷിന്റെ കാറിന്റെ പിൻ സീറ്റിൽ കിടന്നു. ഉണരുമ്പോൾ സ്വന്തം ബൈക്കും എടുത്ത് അരുൺ പോകുമെന്ന് കരുതിയ സുഹൃത്തുക്കൾ ബൈക്കിന്റെ താക്കോലും മൊബൈൽ ഫോണും കാറിന്റെ മുൻ സീറ്റിൽ വച്ചശേഷം അവർ വീട്ടിലേക്ക് മടങ്ങി.
ഇന്നലെ രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കാറിന്റെ പിൻ സീറ്റിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഇന്നലെ രണ്ടു സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.ഇന്ന് വിശദമായ ചോദ്യം ചെയ്യലിന് സുഹൃത്തുക്കളോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് കുറത്തികാട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആലപ്പുഴയിൽ നിന്നു ഫോറൻസിക് വിദഗ്ദരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പിരിശോധന നടത്തി.അവിവാഹിതനാണ്. സഹോദരിമാർ: ശ്രീലത, മായ.