സ്വന്തം ലേഖകൻ
തിരുവനന്തപുരം: തകർച്ച നേരിടുന്ന കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷികവൃത്തി കേരള സമൃദ്ധി എന്ന മുദ്രാവാക്യമുയർത്തി ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) സംഘടിപ്പിച്ച കേരള കർഷക ജാഥയോടനുബന്ധിച്ചു കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചും പരിഹാരങ്ങൾ നിർദേശിച്ചു കൊണ്ടുമുള്ള നിവേദനം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ തനതു കാർഷിക വിഭവങ്ങളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിനാവശ്യമായ എല്ലാ പ്രോത്സാഹനവും സർക്കാർ നൽകും. ഇതിനു നടപടികൾ സ്വീകരിച്ചുവരികയാണ്. കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വരുന്നതു കർഷകർക്കും ഏറെ പ്രയോജനം ചെയ്യും.
കർഷകരുടെ പ്രശ്നങ്ങൾ സംബന്ധിച്ചു വിദഗ്ധർ പങ്കെടുക്കുന്ന കാർഷിക സെമിനാറുകൾ അടക്കം സർക്കാർ സംഘടിപ്പിക്കുമെന്നും ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘവുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി അറിയിച്ചു.
കർഷക പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പെൻഷൻ കൃത്യമായി ലഭിക്കാത്തതു കർഷക കുടുംബങ്ങളെ ദുരിതത്തിലാക്കുന്നുണ്ടെന്നു നിവേദകസംഘം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കാട്ടുമൃഗങ്ങളുടെ ശല്യം കുറയ്ക്കാനും വിള നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനുമായി വനത്തേയും കൃഷിയിടങ്ങളേയും വേർതിരിച്ചു റെയിൽ ഫെൻസിംഗ് എല്ലായിടത്തും സ്ഥാപിക്കും. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേൽക്കുന്നവർക്കും പരമാവധി സാന്പത്തിക സഹായം നൽകും.
പലപ്പോഴും കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തീറ്റയും വെള്ളവും തേടിയാണ്. ഇതിനു പരിഹാ രമെന്താണെന്നു സർക്കാർ ആ ലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.