ഇരിങ്ങാലക്കുട: കഴിഞ്ഞ വർഷം സ്ഥാപിച്ച ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിനു സമീപത്തെ ഒരുമ മാർട്ടിനു മുന്നിലുള്ള അശരണർക്കായുള്ള ഫ്രിഡ്ജിലാണ് ഈ ലോക്ക് ഡൗണ്‍ കാലത്തും തെരുവിൽ കഴിയുന്നവർക്കായി വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിരിക്കുന്നത്.
ഇരിങ്ങാലക്കുടയിലെ തെരുവിൽ കഴിയുന്ന നിരവധിപേരെ നഗരസഭയുടെയും പോലീസിന്റെയും സഹകരണത്തോടെ ചെട്ടിപറന്പ് ഗേൾസ് സ്കൂളിൽ താമസിപ്പിച്ച് സമൂഹ അടുക്കള വഴി ഭക്ഷണം നൽകുന്നുണ്ടെങ്കിലും ഇപ്പോഴും തെരുവോരങ്ങളിൽ നിരവധി പേരാണു കഴിയുന്നത്.
ഫ്രണ്ട്സ് ഫോർ എവർ എന്ന വാട്സ്ആപ്പ് ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ ഫ്രിഡ്ജ് വഴി ഇവിടെ എന്നും ഭക്ഷണം വിതരണം നടത്തുന്നത്. ഉച്ചയ്ക്കു കൃത്യം 12 ന് ഈ ഫ്രിഡ്ജ് തുറക്കുന്നതും കാത്തു നിരവധി പേരാണ് പരിസരത്ത് കാത്തുനില്‍ക്കാറുള്ളത്.
ഭക്ഷണത്തോടൊപ്പം ഹൽവയും നേന്ത്രപ്പഴവും ലഭിച്ചപ്പോൾ പലർക്കും കണ്ണു നിറഞ്ഞു പോകുന്നതു കാണാമായിരുന്നു.