കൊല്ലം : ക്രമ സമാധാന പാലനത്തിനും കുറ്റ കൃത്യങ്ങൾ തടയുന്നതിനും പോലീസിനെ സഹായിക്കുന്നതിനായി കൊല്ലം റൂറൽ ജില്ലയിൽ ഫ്രണ്ട്സ് ഓഫ് പോലീസ് എന്ന പേരിൽ പുതിയ സന്നദ്ധ സേനയ്ക്ക് രൂപം നൽകുന്നു. കുറ്റവാളികളെ കുറിച്ചും കുറ്റകൃത്യത്തെ കുറിച്ചും പോലീസിന് വിവരം നൽകുക, ക്രമസമാധാന പാലനത്തിന് പോലീസിനെ സഹായിക്കുക തുടങ്ങിയവയാണ് ഫ്രണ്ട്സ് ഓഫ് പോലീസിന്റെ കർത്തവ്യങ്ങൾ. കൊല്ലം റൂറൽ ജില്ലയിലെ എട്ട് സ്റ്റേഷനുകളിലാണ് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കുക. തുടർന്ന് മറ്റ് എല്ലാ സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ മേൽനോട്ടത്തിലാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കൊട്ടാരക്കര, പൂയപ്പള്ളി,കുണ്ടറ, ശാസ്താംകോട്ട, പുനലൂർ, പത്തനാപുരം, അഞ്ചൽ, ചടയമംഗലം എന്നീ പൊലീസ് സ്റ്റേഷനുകളിൽ പദ്ധതി നടപ്പിലാക്കും. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും മൂന്ന് വാർഡുകൾ ഉൾപ്പെടുത്തി സോണുകൾ രൂപീകരിക്കും.
ഓരോ വാർഡിൽ നിന്നും 25 വയസിനും 45 വയസിനും മധ്യേ പ്രായമുള്ള 10 പേരെയും രണ്ടു പേരെ റിസർവ്വ് ആയും തിരഞ്ഞെടുത്തു ഫ്രണ്ട്സ് ഓഫ് പോലീസ് രൂപീകരിക്കും.വാർഡ് മെമ്പർ മാരുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ പ്രദേശവാസികളായ വിമുക്തഭടന്മാർ, എൻ. സി. സി /എസ്. പി. സി മുൻ കേഡറ്റുകൾ എന്നിവർക്ക് പ്രാമുഖ്യം നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും തിരിച്ചറിയൽ കാർഡും നൽകും.
ക്രിമിനൽ പശ്ചാത്തലമുള്ളവർ, മദ്യപാനികൾ, മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ എന്നിവരെ സേനയിൽ ഉൾപ്പെടുത്തില്ല. പൊതു ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പോലീസിന് പ്രവർത്തനം ശക്തമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും പോലീസിൽ അംഗം ആകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ 21ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.