ഒരിടത്തൊരു മാനും പ്രാവും. ഉറ്റചങ്ങാതിമാരായിരുന്നു അവര്‍… ചിത്രകഥകളില്‍ നാം ഒരുപാടുതവണ വായിച്ചിട്ടുണ്ട് ഇത്തരം കഥാപാത്രങ്ങളെക്കുറിച്ച്. എന്നാല്‍, കഥകളില്‍ മാത്രമല്ല യഥാര്‍ഥ ലോകത്തും ഇതുപോലെ രണ്ടു കൂട്ടുകാരുണ്ട്. അങ്ങ് ഓസ്‌ട്രേലിയയിലാണ് ഈ അപൂര്‍വ്വ സുഹൃത്തുക്കള്‍. ഫലിനി എന്നാണ് ഈ കഥയിലെ മാനിന്റെ പേര്. കഴിഞ്ഞ ഡിസംബറില്‍ ജെസ് ബാര്‍ക്ക്‌ലി എന്ന മുന്‍ മൃഗസംരംക്ഷണ ഉദ്യോഗസ്ഥനാണ് ഈ മാനിനെ നാട്ടിലെത്തിച്ചത്.
വേട്ടക്കാരന്‍ കൊലപ്പെടുത്തിയ അമ്മ മാനിന്റെ അടുക്കല്‍നിന്ന കൊച്ചു ഫലിനിയെ ബാര്‍ക്ക്‌ലി സ്വന്തം വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. ആ ഇടയ്ക്കാണ് ബാര്‍ക്ക്‌ലി ഒരു പ്രാവിനെ കൂടി കൊണ്ടുവരുന്നത്. അവനും നല്ലൊരു പേരിട്ടു റഡാര്‍. വന്ന ദിവസം മുതല്‍ പ്രാവും മാനും തമ്മില്‍ നല്ല ബന്ധം. എല്ലാ സമയത്തും ഇരുവരും ഒന്നിച്ചുതന്നെ. മാനിന്റെ കൂട്ടില്‍ തന്നെയാണ് പ്രാവും താമസം. പ്രാവിന്റെ ഉറക്കം കൊച്ചു ഫലിനിയുടെ പുറത്തും. ഇരുവരുടെയും അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ബാര്‍ക്ക്‌ലിയുടെ വീട്ടിലേക്ക് ഇപ്പോള്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്.