തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ അശ്വിൻദേവ്, ശ്രീജിത്ത്, അഭിരാജ്, അഭിറാം എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം ഇരുപതിനും ഇരുപത്തിമൂന്നിനും ഇടയ്ക്ക് പ്രായമുള്ളവരാണ്.
പ്രതികളിലൊരാളായ ശ്രീജിത്തിന്റെ പെണ്‍സുഹൃത്തുമായുള്ള പത്താംക്ളാസുകാരന്റെ സൗഹൃദത്തിലുള്ള വിരോധമാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി എട്ടു മണിയോടെ ഇടവിളാകത്തിന് സമീപം വച്ചാണ് കാറിലെത്തിയ സംഘം പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയത്. വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് വാഹന പരിശോധന നടത്തി.
രാത്രി പത്തരയോടെ കീഴാറ്റിങ്ങൽ ഭാഗത്തെ വിജനമായ സ്ഥലത്ത് വച്ച് പോലീസ് സംഘം ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി കാർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
രണ്ട് പേരെ സംഭവ സ്ഥലത്ത് വച്ച് പിടികൂടി. മറ്റ് രണ്ട് പ്രതികളെ ഇന്ന് പുലർച്ചെ വെഞ്ഞാറമൂടിന് സമീപത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.