ബേബി സെബാസ്റ്റ്യൻ
ചെന്പേരി: കോവിഡ്-19 വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വാഹനസൗകര്യം ലഭ്യമാകാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാൻ സ്വന്തം ആംബുലൻസുമായി വൈദികനും.
കണ്ണൂർ രൂപതയുടെ അധീനതയിൽ ചെന്പേരിക്കു സമീപം ചുണ്ടക്കുന്നിലുള്ള പുതുക്കാട് എസ്റ്റേറ്റിന്റെ മാനേജരായ ഫാ. ജോമോൻ ചെന്പകശേരിയാണ് മലയോരമേഖലയിലെ നിരാലംബരായ രോഗികൾക്കു കൈത്താങ്ങായി നിശബ്ദസേവനം ചെയ്യുന്നത്. ഇതിനായി സ്വന്തം കുടുംബവകയായുള്ള ആംബുലൻസ് ഫാ. ജോമോൻ ചെന്പേരിയിൽ എത്തിക്കുകയായിരുന്നു.
മലയോര ഗ്രാമങ്ങളിലും കോവിഡ് ബാധ നിരീക്ഷണവും സ്ഥിരീകരണവും നിലനിൽക്കുന്ന സാഹചര്യത്തിൽ സാധാരണ പനി ബാധിച്ചവരെ പോലും വാഹനങ്ങളിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ വാഹന ഉടമകളോ ഡ്രൈവർമാരോ പലപ്പോഴും തയാറാകാത്ത സ്ഥിതിയാണുള്ളത്. ഈ അവസ്ഥയിലാണ് ഫാ. ജോമോന്റെ സൻമനസ് സമൂഹത്തിൽ ജീവകാരുണ്യം പകരുന്നത്.
പലപ്പോഴും അദ്ദേഹം തന്നെയാണ് ആംബുലൻസിൽ ഡ്രൈവറായി പോകാറുള്ളത്. ഓരോ തവണ പോയി വരുന്പോഴും ആരോഗ്യവകുപ്പിൽനിന്നു ലഭിച്ച അണുനാശിനി സ്പ്രേ ചെയ്ത് അദ്ദേഹവും വാഹനവും അണുവിമുക്തി ഉറപ്പാക്കുന്നത് കർശനമായി പാലിക്കുകയും ചെയ്തുവരുന്നുണ്ട്.
ചെന്പേരി വൈസ്മെൻസ് ക്ലബ് അംഗമായ ഫാ. ജോമോൻ ക്ലബിന്റെ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയാണ്. ക്ലബിന് സ്വന്തമായുള്ള രണ്ട് ആംബുലൻസുകളോടൊപ്പം ക്ലബിന്റെ പേരിൽ തന്നെയാണ് ഫാ. ജോമോന്റെ ആംബുലൻസും ഇപ്പോൾ സേവനം നടത്തിവരുന്നത്.