മഴ ലഭിക്കുവാൻ തവള കല്യാണം. ഉഡുപ്പി സിറ്റിസണ്‍ ഫോറമാണ് ഏറെ വ്യത്യസ്തമായ ഈ കല്യാണത്തിന് നേതൃത്വം നൽകിയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12:05നായിരുന്നു വിവാഹ മുഹൂർത്തം. കൽസങ്കിന്റെ മകൻ വരുണ്‍ തവളയും കൊലാൽഗിരി കിളിഞ്ചെയുടെ മകൾ വർഷ തവളയും തമ്മിലുള്ള വിവാഹമാണ് നടന്നത്.
നിരവധി ആളുകളുടെ അകമ്പടിയുടെ രണ്ടു വാഹനങ്ങളിലായി പ്രത്യകം തയാറാക്കിയ കൂടിനുള്ളിലാണ് രണ്ട് തവളകളെയും കല്യാണ മണ്ഡപത്തിൽ എത്തിച്ചത്. ചടങ്ങിൽ പങ്കെടുക്കുവാനെത്തിയവർക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
വിവാഹത്തിനു ശേഷം രണ്ട് തവളകളെയും ഒരു കൂട്ടിലാക്കി മഴയ്ക്കു വേണ്ടിയുള്ള പൂജയും നടന്നു. കൂടാതെ ഇരുവരെയും മണ്ണപള്ളയിലേക്ക് മധുവിധുവിനും അയച്ചു. ഉത്തരേന്ത്യയിൽ ഇത്തരം വിവാഹങ്ങൾ സാധാരണമാണ്.