ഭോപ്പാൽ: കനത്ത മഴ നിലയ്ക്കാനായി തവളകളുടെ വിവാഹ ബന്ധം വേർപെടുത്തി. വേനൽ കടുത്തപ്പോൾ മഴ പെയ്യാനായി ഭോപ്പാലിൽ കഴിഞ്ഞ ജൂലൈ 19 നാണ് തവളക്കല്ല്യാണം നടത്തിയത്.
രണ്ട് തവളകളെ കല്യാണം കഴിപ്പിച്ചാൽ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടർന്നായിരുന്നു അത്. ഓം ശിവസേവ ശക്തി മണ്ഠൽ എന്ന സംഘടനയാണ് വിവാഹത്തിന് നേതൃത്വം നൽകിയത്. ആണ് തവളയെയും പെണ് തവളയെയും പിടികൂടി പ്രാർഥനകൾ നടത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു.
ഭോപ്പാലിൽ ഇപ്പോൾ നിലയ്ക്കാത്ത മഴയാണ്. മഴ നിലയ്ക്കാനായാണ് ആ വിവാഹ ബന്ധം വേർപെടുത്തിയത്. ഇന്ദ്രപുരിയിലെ ക്ഷേത്രത്തിൽ വച്ചാണ് ആചാരപരമായി ഇവരുടെ ബന്ധം വേർപെടുത്തിയത്. പ്രതീകാത്മകമായി രണ്ട് തവളകളെ വേർപിരിക്കുകയായിരുന്നു.
ഇതോടെ മഴയുടെ ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് സംഘടനയുടെ നേതാക്കൾ. കഴിഞ്ഞ 24 മണിക്കൂറിൽ ഭോപ്പാലിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്.