കൊച്ചി: ഗോൾ കീപ്പറിൽനിന്നു തുടങ്ങുന്ന നീക്കം, പ്രതിരോധനിരയിലെ താരങ്ങളിൽനിന്നു പന്തു സ്വീകരിച്ചു കഴിഞ്ഞാൽ ഗോൾ പിറക്കാനുള്ള വഴികൾ അവർ മനസിൽ മെനഞ്ഞെടുക്കും. മുന്നേറ്റനിരക്കാരനു ഗോളടിക്കാൻ പാകത്തിനു പന്തെത്തിച്ചു കഴിഞ്ഞാൽ മൈതാനമധ്യത്തിലേക്കു പെട്ടെന്നു പിൻവലിയും. എതിർപോസ്റ്റിൽ ഗോൾ വീണാൽ പേരും പെരുമയും ഗോൾവേട്ടക്കാരനു മാത്രം. മധ്യനിരയിലെ മാന്ത്രികരുടെ പങ്ക് ആരും ഓർക്കില്ല. അഭിനന്ദനവുമായി ആരും ഓടിയെത്തുകയുമില്ല.
പക്ഷേ, മിഡ്ഫീൽഡർമാരുടെ കാലുകൾക്കു പൂട്ടു വീണാൽ മുന്നിൽ കളിക്കുന്ന ഏതു കൊന്പനായാലും ഒന്നും ചെയ്യാനാകാതെ വെറുതെനിൽക്കുകയെയുള്ളൂ. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായതിനു പിന്നിലും മധ്യനിരയുടെ തോൽവിയല്ലാതെ മറ്റൊരു കാരണവും എടുത്തു കാണിക്കാനാവില്ല. ഉഗാണ്ട താരം കെസിറോണ് കിസിറ്റോയുടെ വരവോടെ ഈ പ്രതിസന്ധികളിൽനിന്നു ബ്ലാസ്റ്റേഴ്സിനു കരകയറാനാകുമെന്ന ചെറിയപ്രതീക്ഷ ഉണർന്നു കഴിഞ്ഞു. ഇനി ചില മാറ്റങ്ങൾ കൂടി വന്നാൽ തിരിച്ചടികളിൽനിന്നുള്ള തിരിച്ചുവരവ് അപ്രാപ്യമല്ല.
ബെർബ മുൻനിരയിൽ പരീക്ഷിക്കാം
അലസ മാന്ത്രികൻ എന്ന വിളിപ്പേരോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റനിരയിൽ ഗോളുകൾ അടിച്ചു കൂട്ടിയ ബൾഗേറിയക്കാരൻ ദിമിതർ ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയപ്പോൾ പ്ലേമേക്കർ റോളിലായി. തന്റെ കരിയറിൽ ഇതുവരെ കളിക്കാതിരുന്ന പൊസിഷൻ. റയാൻ ഗിഗസ്, പോൾ സ്കോൾസ് എന്നീ മഹാരഥന്മാരായ താരങ്ങൾ മിഡ്ഫീൽഡിലും റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങൾ ഒപ്പവും നിൽക്കുന്പോൾ തന്റെ സ്വതസിദ്ധമായ കേളീശൈലിയിൽ ബെർബയ്ക്കു പന്തു തട്ടാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.
കൃത്യമായ ആസൂത്രണത്തോടെ മിഡ്ഫീൽഡിൽ നിന്നെത്തുന്ന പന്തുകൾ അവസരങ്ങളാക്കി മാറ്റി ഗോൾ നേടുകയെന്ന ദൗത്യമായിരുന്നു ബൾഗേറിയൻ താരത്തിനുണ്ടായിരുന്നത്. എന്നാൽ, ബ്ലാസ്റ്റേഴ്സിൽ പ്ലേമേക്കർ റോളിലെത്തിയ താരത്തിനു മുന്നിൽ കളിക്കുന്ന സിഫ്നിയോസിനോ ഹ്യൂമിനോ ഒന്നും അവസരങ്ങൾ മെനഞ്ഞുകൊടുക്കാൻ സാധിച്ചില്ല. ഇതോടെ കളി വിരിയേണ്ട മധ്യനിര നിശ്ചലമായി. പന്തു കിട്ടാതെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ വെറുതെ മൈതാനത്ത് അലഞ്ഞു നടക്കേണ്ട ഗതിയായി. കിസിറ്റോയെ മധ്യനിരയിൽ നിർത്തി ബെർബയെ മുന്നിലിറക്കിയുള്ള പരീക്ഷണം ഡേവിഡ് ജയിംസ് നടത്തുമെന്നു കരുതാം.
വയസൻ പടയെ മാറ്റിയെടുക്കണം
ഇന്ത്യയിൽ ഫുട്ബോൾ വിപ്ലവങ്ങൾക്കു തുടക്കം കുറിച്ചുവെന്നാണ് ഐഎസ്എലിനെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ, ഐഎസ്എലിൽ കളിക്കാനെത്തുന്ന വിദേശതാരങ്ങൾ പലരും തങ്ങളുടെ സുവർണകാലം പിന്നിട്ടവരാണ്. റോബർട്ടോ കാർലോസും അലിസാന്ദ്രോ ദെൽപിയറോയും ഡീഗോ ഫോർലാനുമെല്ലാം കളി അവസാനിപ്പിക്കാനൊരുങ്ങുന്ന കാലത്താണ് ഇന്ത്യയിലെത്തിയത്. ചിലർ വൻ പരാജയങ്ങളായപ്പോൾ ഫോർലാനെ പോലെ ചിലർ മാന്ത്രികസ്പർശവുമായി ഇന്ത്യയെ കൈയിലെടുത്തു. ലീഗിന്റെ പ്രശസ്തിക്കായി ആദ്യ സീസണുകളിൽ ഇത്തരം താരങ്ങൾ ആവശ്യവുമായിരുന്നു.
ഇനി മാറ്റങ്ങൾ വരണം. മികച്ച ലീഗായി മാറണമെന്നുണ്ടെങ്കിൽ കളിക്കു വേഗമുണ്ടാവണം. കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ വിദേശതാരങ്ങളെ എത്തിച്ചപ്പോഴും ഈ പ്രശ്നമാണു നിഴലിക്കുന്നത്.
ബെർബയും വെസ് ബ്രൗണുമെല്ലാം അരങ്ങു തകർത്ത താരങ്ങളാണെങ്കിലും അവരുടെ വേഗത്തിനും പന്തടക്കത്തിനുമെല്ലാം ഇടിവു വന്നുകഴിഞ്ഞിരിക്കുന്നു. ആദ്യ സീസണിലെ ഇയാൻ ഹ്യൂമിന്റെ നിഴലുപോലുമാകാൻ വീണ്ടും മഞ്ഞ ജഴ്സിയിൽ എത്തിയപ്പോൾ കനേഡിയൻ താരത്തിനാകുന്നില്ല. ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ ഡേവിഡ് ജയിംസിന്റെ തന്ത്രങ്ങൾക്കാകുമോയെന്നു കാത്തിരുന്നു കാണാം.
ഹീ ഈസ് ദ ഡ്യൂഡ്
കേരളത്തിൽ തരംഗമായ ആട് സിനിമയിലെ ഡ്യൂഡിനെ അറിയില്ലേ. ബാങ്കോക്കിൽനിന്ന് അധോലോക നായകനായെത്തിയ വിനായകന്റെ ഡ്യൂഡ്. ബ്ലാസ്റ്റേഴ്സിന്റെ പുത്തൻതാരം കെസിറോണ് കിസിറ്റോയ്ക്ക് എഫ്സി പൂന സിറ്റിക്കെതിരേയുള്ള മത്സരശേഷം മഞ്ഞപ്പടയുടെ ആരാധക്കൂട്ടം ചാർത്തിക്കൊടുത്ത പേരുകളിലൊന്നാണു ഡ്യൂഡ്. ഭാവനയറ്റു കിടന്ന ബ്ലാസ്റ്റേഴ്സ് മധ്യനിരയ്ക്കു പുതുജീവൻ നൽകിയാണ് ഐഎസ്എലിലെ ആദ്യ മത്സരത്തിനുശേഷം ഉഗാണ്ട താരം തിരിച്ചുകയറിയത്.
കെനിയൻ പ്രീമിയർ ലീഗിൽ എഎഫ്സി ലെപേർഡ്സിന്റെ താരമായിരുന്ന കിസിറ്റോ ട്രാൻസ്ഫർ നൂലാമാലകൾക്കെല്ലാംശേഷം ബ്ലാസ്റ്റേഴ്സ് ക്യാന്പിൽ എത്തിയിരുന്നു. പ്രതിരോധ നിരയിൽനിന്നു പന്തു വാങ്ങിയെടുത്തു കളിയൊരുക്കുന്ന ഊർജസ്വലതയുള്ള കളിക്കാരനായാണു കിസിറ്റോ വാഴ്ത്തപ്പെടുന്നത്. തകർന്നുകിടന്ന മധ്യനിരയിൽ കഴിഞ്ഞ ഏഴു മത്സരങ്ങളിലും കാണാത്ത ആവേശം കിസിറ്റോ എത്തിയതോടെ മഞ്ഞപ്പടയിൽ നിറഞ്ഞു. ആശയറ്റപോലെ കളിച്ച ബെർബറ്റോവിനു പകരം രണ്ടാം പകുതിയിലാണു കിസിറ്റോ കളത്തിലെത്തുന്നത്.
ലീഗിൽ ഒന്നാം നിരയിലുള്ളതും മിന്നുന്ന ഫോമിലുള്ള താരങ്ങളുമുള്ള പൂനയെ ചിത്രത്തിൽനിന്ന് അപ്രത്യക്ഷരാക്കുന്ന തരത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള കളി. മാഴ്സലീഞ്ഞോയും അൽഫാരോയും സമനിലകൊണ്ടു രക്ഷപ്പെടാനുള്ള നീക്കങ്ങളാണു ബ്ലാസ്റ്റേഴ്സ് ഉണർന്നതോടെ നടത്തിയത്. ഡേവിഡ് ജയിംസ് പരിശീലകക്കുപ്പായത്തിലെത്തിയതും കിസിറ്റോയുടെ വരവും പ്ലേഓഫ് എന്ന വിദൂരസ്വപ്നം വീണ്ടും ആരാധകർ മനസിൽ കണ്ടുതുടങ്ങി.
പത്തു മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ഇനിയുള്ള പോരാട്ടങ്ങളെല്ലാം ജയത്തിൽ കുറഞ്ഞതൊന്നും മഞ്ഞപ്പടയ്ക്കു ലക്ഷ്യംവയ്ക്കാനാവില്ല. ഇനിയുള്ള മൂന്നു ഹോം മത്സരങ്ങൾ വിജയിക്കുകയും എതിർപാളയത്തിലും വെന്നിക്കൊടി പാറിക്കുകയും ചെയ്താൽ ഐഎസ്എൽ കിരീടം കേരളത്തിലെത്തും.
ബിബിൻ ബാബു