തമിഴ്‌നാട് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് തിരക്കുകളില്‍ അലിഞ്ഞപ്പോള്‍ ഓഖി ദുരന്ത മേഖലയില്‍ കേരളാ മുഖ്യമന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു; കേരള സര്‍ക്കാരിന് പ്രശംസയുമായി ഫ്രണ്ട്‌ലൈന്‍ മാസിക

ഓഖി ദുരന്തത്തെ നേരിട്ടരീതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേള്‍ക്കേണ്ടി വന്നെങ്കിലും ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാരിന്റെ അതിവിദഗ്ധമായ ഇടപെടലിനെ പ്രശംസിച്ച് പ്രമുഖ ഇംഗ്ലീഷ് മാസികയായ ഫ്രണ്ട്‌ലൈന്‍. ഓഖി ദുരന്തത്തെ കുറിച്ച് വേവ്‌സ് ഓഫ് ഗ്രീഫ് ആന്റ് ആങ്കര്‍ എന്ന ലേഖനത്തിലാണ് സര്‍ക്കാരിനെ പ്രശംസിച്ചിരിക്കുന്നത്. ആര്‍.കെ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓഖി ദുരന്ത സമയത്ത് കേരളത്തിലേയും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേയും സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകളെ കുറിച്ചുള്ളതായിരുന്നു റിപ്പോര്‍ട്ട്.

ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതെ പോയവരുടേയും മരണപ്പെട്ടവരുടേയും എണ്ണം തിട്ടപ്പെടുത്തുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും, അതോടെ ദുരിത ബാധിതര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ വിതരണവും മുടങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ തങ്ങളെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് തീരദേശത്തെ തമിഴ്നാട് സ്വദേശികള്‍ ആവശ്യപ്പെടുന്നതായും ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ തീരപ്രദേശത്തുള്ള മത്സ്യബന്ധന തൊഴിലാളികളില്‍ പലരും സംസാരിക്കുന്നത് മലയാളവും തമിഴും കലര്‍ന്ന ഭാഷയാണെന്നും നേരത്തെ തന്നെ അവര്‍ കേരളത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

തീരപ്രദേശത്ത് ശക്തമായ സ്വാധീനമുള്ള കത്തോലിക്ക സഭകളുടെ സാന്നിധ്യവും കേരളത്തിന്റെ ഭാഗമാക്കാന്‍ കന്യാകുമാരിയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നതിന് പിന്നിലുണ്ട്. കൂടാതെ കേരള സര്‍ക്കാര്‍ തങ്ങളുടെ സര്‍ക്കാരിനെ അപേക്ഷിച്ച് മത്സ്യ തൊഴിലാളികളെ പരിഗണിക്കുന്നുണ്ടെന്നും അവര്‍ക്ക് അര്‍ഹമായ ബഹുമാനവും അവകാശങ്ങളും നല്‍കുന്നുണ്ടെന്നും തമിഴ്നാട്ടുകാര്‍ പറയുന്നതായി ഫ്രന്റ്ലൈന്‍ പറയുന്നു. അതേസമയം, കേരളത്തിലെ മാധ്യമങ്ങള്‍ ഓഖി ദുരന്തത്തില്‍ ഇടപെട്ടത് ശരിയായില്ലെന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

എന്നാല്‍ കേരള സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര ഇടപെടലുകള്‍ നടത്തിയെന്നും ലേഖനത്തില്‍ ആവര്‍ത്തിക്കുന്നു. അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി ആര്‍.കെ നഗര്‍ ഇലക്ഷന് വേണ്ടി ക്യാമ്പയിന്‍ നടത്തുന്ന തിരക്കിലായിരുന്നുവെന്നും പരിഹസിക്കുന്നു. ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള ദുരിതാശ്വാസസഹായനിധികള്‍ ഇപ്പോഴും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമാഹരിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവരികയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് അഭിനന്ദനവുമായി മാസിക രംഗത്തെത്തിയിരിക്കുന്നത്.

 

Related posts