കോഴിക്കോട്: എറണാകുളത്തേക്ക് ഓട്ടം വിളിച്ച് വാടക നല്‍കാതെ ടാക്സി ഡ്രൈവറെ കബളിപ്പിച്ചുമുങ്ങിയ യാത്രക്കാരിയെ ഇനിയും കണ്ടെത്താനായില്ല. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും യുവതി ഇപ്പോഴും കാണാമറയത്തുതന്നെയാണ്. ഇവരുടെ മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. കഴിഞ്ഞ 25ന് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞ യുവതി പിന്നീട് പോലീസ് ബന്ധപ്പെട്ടിട്ടും ഫോണ്‍ എടുത്തില്ല.
പോലീസിന്റെ കൈവശമുള്ള അഡ്രസില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ യുവതിക്കെതിരെ കസബ പോലീസിലും കേസുണ്ട്. ഈ കേസിലും യുവതി ഇതുവരെ ഹാജരായിട്ടില്ല. തന്ത്രപൂര്‍വം ഈ കേസില്‍ യുവതിയെ കസബ സ്റ്റേഷനില്‍ എത്തിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. എന്നാല്‍ യുവതി എവിടെയെന്ന ചോദ്യം മാത്രം പോലീസിനെ കുഴക്കുന്നു.
റെയില്‍വേ സ്റ്റേഷനിലെ ടാക്സി ഡ്രൈവര്‍ പറമ്പില്‍ ബസാര്‍ സ്വദേശി ഷിനോജിനെ കബളിപ്പിച്ചാണ് യുവതി മുങ്ങിയത്. യുവതി കാറില്‍ മറന്നുവച്ച ബാഗ് ഷിനോജ് പോലീസിന് കൈമാറിയിരുന്നു. ഇതില്‍ നിന്നുമാണ് യുവതിയുടെ അഡ്രസും മൊബൈല്‍ നമ്പറും പോലീസിന് ലഭിച്ചത്.
21ന് രാത്രി എട്ടോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനുമുന്നിലെ ടാക്സി സ്റ്റാന്‍ഡില്‍നിന്ന് യുവതി എറണാകുളത്തേക്ക് ഓട്ടം വിളിക്കുകയായിരുന്നു. അഞ്ചും നാലും വയസുതോന്നിക്കുന്ന കുട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളത്തെത്തിയപ്പോള്‍ പാലാരിവട്ടത്തെ നടന് ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്ന് യുവതി നിര്‍േദശിച്ചു.
ജയറാം ഗേറ്റിനു മുന്പിലേക്കുവന്ന് ഇവരുമായി സംസാരിച്ചു. തിരികെ കാറില്‍ കയറിയ യുവതി പാലാരിവട്ടത്തെ പിഒസിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. രണ്ടുമിനിട്ടുകൊണ്ട് തിരികെവരാമെന്ന് പറഞ്ഞുപോയ യുവതിയെ പിന്നീട് കണ്ടില്ലെന്ന് ഷിനോജ് നല്കിയ പരാതിയില്‍ പറയുന്നു.
290 കിലോമീറ്ററാണ് ടാക്സി ഓടിയത്.എകദേശം എട്ടായിരം രൂപയാണ് വാടകയായി നല്‍കേണ്ടത്. യുവതി മുങ്ങിയതോടെ ഷിനോജ് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൈവശം പണമില്ലാതിരുന്ന ഡ്രൈവറെ കോഴിക്കോട്ടെ ഡ്രൈവര്‍മാരുടെ വാട്സ്ആപ് ഗ്രൂപ്പ് മുഖേന എറണാകുളത്തെ ടാക്സിക്കാരാണ് സഹായിച്ചത്.
ഭക്ഷണത്തിനും തിരികെവരുവാനുള്ള ഡീസലിനുമുള്ള പണം അവര്‍ സംഘടിപ്പിച്ച് നല്‍കുകയായിരുന്നു. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും പോലീസിന് യുവതിയെ പിടികൂടാനാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.