പൂച്ചാക്കൽ: മാന്പഴം വിപണിയിൽ തട്ടിപ്പു നടക്കുന്നതായി പരാതി. ചൂട് വർധിച്ചതോടെ സജീവമായ മാന്പഴ വിപണിയുടെ മറവിലാണ് തട്ടിപ്പ് തകൃതിയായി നടക്കുന്നത്. ആവശ്യക്കാർ ഏറെ ഉള്ളതിനാൽ വൻ തോതിൽ മാന്പഴം വിപണിയിലെത്തിയിട്ടുണ്ട്.
വേനൽചൂടിനൊപ്പം റംസാൻ നോന്പു കൂടിയായതോടെ പഴങ്ങൾക്ക് വ്യാപാരം കൂടുതലാണ്. കാഴ്ചയിൽ നല്ല നിറവും മണവും തോന്നിക്കുന്ന മാന്പഴത്തിന് മധുരമോ രുചിയോ ഇല്ലെന്ന് ഉപയോഗിച്ചവർ പറയുന്നു. കാത്സ്യം കാർബൈഡ് പോലുള്ള വിഷമയമായ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങയാണ് പലയിടത്തും വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
മൂപ്പെത്തും മുൻപ് പറിച്ചെടുക്കുന്ന മാങ്ങയാണ് ഇത്തരത്തിൽ പഴുപ്പിച്ചെടുക്കുന്നത്. ഇവ പിടിച്ചെടുത്ത് നടപടി സ്വീകരിക്കാൻ അധികാരമുള്ള ഭക്ഷ്യവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് തുടങ്ങിയ ഉദ്യോഗസ്ഥരാരും വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഉപഭോക്താക്കളെ വിശ്വസിപ്പിക്കാൻ മാങ്ങ വെച്ചിരിക്കുന്ന കുട്ടയിൽ കുറച്ച് വൈക്കോലും നിറച്ചാണ് എത്തിക്കുന്നത്.
രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾക്ക് ഒരേ നിറവും ആകർഷകത്വവുമാണ്. എന്നാൽ അവ കഴിക്കുന്പോൾ രുചിയില്ലെന്ന് മാത്രമല്ല മൂപ്പെത്താത്തവയാണെങ്കിൽ അഴുകിയ ചുവയുമുണ്ട്. കടകളിൽ മാത്രമല്ല വഴിയോരങ്ങളിലും ഇത്തരം വിഷം നിറഞ്ഞ മാന്പഴം വിൽക്കുന്നവർ ഏറെയുണ്ട്. മാങ്ങ വീടുകളിൽനിന്ന് ഒരുമിച്ച് വിലയ്ക്കെടുത്ത് രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച ശേഷം ദിവസവേതനത്തിന് ആളുകളെ വെച്ച് പ്രധാന പാതകളിലെ തണലുള്ള സ്ഥലങ്ങളിൽ വിൽക്കുകയാണ് ചെയ്യുന്നത്.
വേനലിൽ പഴങ്ങളുടെ ഉപയോഗം വർധിച്ചതോടെ വൻതോതിൽ വ്യാജൻ കടന്നു കൂടുന്നുണ്ടെന്നാണ് വിവരം. ഒപ്പം വിലയും കൂടുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മറ്റ് പഴവർഗങ്ങളിലും രാസവസ്തുക്കൾ ഉള്ളതായി പരാതിയുണ്ട്. പഴങ്ങളിലെ മായം കണ്ടെത്താൻ ഒരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്ന് പൊതുജനങ്ങൾ പരാതിപ്പെടുന്നു.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മാവിൻ തോട്ടങ്ങൾ പാട്ടത്തിനെടുത്തവർ മൂപ്പെത്തിയതും അല്ലാത്തതുമായ മാങ്ങകൾ ഉൾപടെയുള്ള പഴ വർഗങ്ങൾ ഒന്നിച്ച് പറിച്ചെടുത്ത് കൃത്രിമമായി പഴുപ്പിച്ച് കയറ്റി വിടുന്നതാണ് കേരളത്തിൽ എത്തുന്നത്. മാന്പഴത്തിന് മാത്രമല്ല മറ്റ് പഴ വർഗങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. ഓറഞ്ച്, മാതളം, പേരക്ക എന്നിവയും ഹോർമോണ് കുത്തിവച്ച് പഴുപ്പിച്ച് വിപണിയിൽ എത്തുന്നുണ്ട്.