ആഗ്ര: തോട്ടത്തിൽനിന്നു പഴങ്ങൾ പറിച്ചെന്നാരോപിച്ച് നാലു വയസുകാരിയെ തോട്ടമുടമ ഇഷ്ടികയ്ക്ക് അടിച്ചുകൊന്നതായി പരാതി. ഉത്തർപ്രദേശിലെ ആഗ്രയിലാണു സംഭവം.
ഹുമയൂൺപുരിലെ നിഭോഹാര പ്രദേശത്താണ് അതിക്രൂരമായ സംഭവമുണ്ടായത്. 40 വയസുകാരനായ ഹർലോം ശർമ എന്നയാൾക്കെതിരേ കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. കുട്ടി തോട്ടത്തിൽ കയറി തയ്ക്കുമ്പളം (ഷമാം) പറിച്ചെന്നാരോപിച്ച് 40കാരൻ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
സുഭാഷ് കുമാർ എന്നയാളുടെ മകളായ ഖുഷ്ബു എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. അയൽവാസി കൂടിയായ പ്രതിയുടെ തോട്ടത്തിൽനിന്നു പഴങ്ങൾ വാങ്ങാനായി പോയ അച്ഛനെ പിന്തുടർന്നാണ് കുട്ടി സംഭവസ്ഥലത്തെത്തിയത്.
എന്നാൽ, മകൾ തന്റെ പിന്നാലെ പോന്ന വിവരം സുഭാഷ് കുമാർ ശ്രദ്ധിച്ചിരുന്നില്ല. വൈകുന്നേരമായിട്ടും മകളെ വീട്ടിൽ കാണാതെ വന്നതോടെ കുടുംബം നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ ഹർലോം ശർമയുടെ പാടത്ത് കണ്ടെത്തുകയായിരുന്നു. ഇഷ്ടിക കൊണ്ട് തലയ്ക്ക് ഇടിയേറ്റ് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.