തൃശൂർ: കഴിഞ്ഞ ആഴ്ച 160 രൂപയ്ക്കു വാങ്ങിയ ആപ്പിളിനു വില ഈയാഴ്ച 180. ഇത് ആപ്പിളിന്റെ മാത്രം കാര്യമല്ല. എല്ലാ പഴവർഗങ്ങളുടെയും വില സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത നിലയിലേക്കു കുതിച്ചുയർന്നിരിക്കയാണ്.
പഴവർഗങ്ങളുടെ സീസണ് കഴിയാറായതും റംസാൻ നോന്പ് ആരംഭിച്ചതിനാൽ ആവശ്യക്കാരേറിയതും വിലകൂടാൻ കാരണമായെന്നു തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ മൊത്തവ്യാപാരി രാജീവ് പറയുന്നു.
വേനൽ കടുക്കുന്പോൾ തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, മുസന്പി, പൈനാപ്പിൾ തുടങ്ങിയ നീരുള്ള പഴവർഗങ്ങൾക്ക് ആവശ്യമേറും.
തണ്ണിമത്തൻ സീസണാണെങ്കിലും ഈ ആഴ്ച നാലു തോട്ടങ്ങളിൽ കയറിയിറങ്ങിയിട്ടാണ് ലോഡിറക്കാനായതെന്നു തൃശൂർ ശക്തനിലെ തണ്ണിമത്തൻ മൊത്തവ്യാപാരി ഫിലിപ്പ് പറയുന്നു. കഴിഞ്ഞ ആഴ്ചത്തേതിൽനിന്നും കിലോയ്ക്ക് അഞ്ചുരൂപയാണ് ഈയാഴ്ച കൂടിയത്.
വേനൽക്കാലത്തു മലയാളികൾ ഏറ്റവും ആശ്വാസം കണ്ടെത്തുന്നതു നാരങ്ങാവെള്ളം കുടിച്ചാണ്. നാരങ്ങയുടെ വില ഇത്തരത്തിൽ മുന്നോട്ടുപോയാൽ ഈ വേനൽക്കാലത്തു നാരങ്ങാവെള്ളത്തെ മറക്കേണ്ടിവരും.
പല കടക്കാരും നാരങ്ങ വില്പനയ്ക്കെടുക്കാതെയായിട്ടുണ്ട്. കിലോയ്ക്ക് ഇരുന്നൂറു രൂപ നൽകി നാരങ്ങ വാങ്ങുന്നതിലും നല്ലതു പച്ചവെള്ളം കുടിച്ചിരിക്കുന്നതാണെന്ന ഭാവമാണ് ജനങ്ങൾക്കെന്നു ചെറുകിട വ്യാപാരികൾ പറയുന്നു.
മലയാളികളുടെ ഇഷ്ട പ്രഭാതഭക്ഷണമായ പുട്ടും പഴവും കുറച്ചു നാളത്തേക്കു മാറ്റിവയ്ക്കുന്നതാവും അടുക്കളബജറ്റിനു താളംതെറ്റാതിരിക്കാൻ നല്ലത്.
ഒരു കിലോ ഏത്തപ്പഴം വാങ്ങണമെങ്കിൽ എഴുപതു രൂപ കൊടുക്കണം. ഓണക്കാലത്തുപോലും 50 രൂപയിൽ നിന്ന വിലയാണിത്.
മാന്പഴം സീസണാണെങ്കിലും വിലക്കുറവൊന്നുമില്ല. 60 മുതൽ 160 വരെ ഇനമനുസരിച്ച് മാങ്ങയ്ക്കു വിലയുണ്ട്. കാലാവസ്ഥാവ്യതിയാനം മൂലം ഈ വർഷം മാന്പഴം തീർത്തും കുറവാണ്. റംബൂട്ടാൻ സീസണായി വരുന്നതേയുള്ളൂ.
പച്ചക്കറികളുടെ വില വലിയ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ബംഗളൂരുവിൽനിന്നും വരവു കുറഞ്ഞതിന്റെ ഫലമായി കുക്കുന്പറിന്റെയും ബീൻസിന്റെയും വില കൂടിയിട്ടുണ്ട്.
പഴവർഗങ്ങളുടെ ഈ വിലക്കയറ്റത്തിൽ ഉടൻ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നു വ്യാപാരികൾ പറയുന്നു.