സ്വന്തം ലേഖിക
കൊച്ചി: വിഷുവും നോമ്പുകാലവും പഴക്കച്ചവടക്കാര്‍ക്ക് പ്രതീക്ഷ നല്കുന്ന സമയമാണ്. എന്നാൽ കോവിഡിന് ശമനം വന്നിട്ടും ഇക്കുറി പഴക്കച്ചവട വിപണി ഉഷാറാകുന്നില്ല.
പഴങ്ങള്‍ വാങ്ങാന്‍ ആളില്ലാത്തതുതന്നെ കാരണം. പഴങ്ങളുടെ തീവിലയാണ് ആളുകളെ വിപണിയിൽനിന്ന് അകറ്റുന്നത്.
ഓറഞ്ച് സീസണ് തീരാറായതും മാമ്പഴക്കാലം തുടങ്ങാത്തതും ഈ രണ്ടു പഴങ്ങളുടെയും വില ഉയരാന്‍ കാരണമായെന്ന് കച്ചവടക്കാർ പറയുന്നു.
നോമ്പുതുറ വിഭവങ്ങളിലെ പ്രധാന ഇനമായ തണ്ണിമത്തന് മാത്രമാണ് ഇത്തവണ വിറ്റുപോകുന്നത്. തണ്ണിമത്തന് കിലോയ്ക്ക് 25 രൂപയ്ക്ക് കിട്ടും. കിരണ്‍, നാംധാരി ഇനം തണ്ണിമത്തനാണ് ആവശ്യക്കാരേറെ.
മുന്‍വര്‍ഷങ്ങളില്‍ കുരുവില്ലാത്ത മുന്തിരിക്ക് വന്‍ ഡിമാന്ഡായിരുന്നെങ്കിലും ഇത്തവണ ആവശ്യക്കാർ കുറവാണ്.ഓറഞ്ചിന്റെ സീസണ് കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ ഓറഞ്ച് ഇപ്പോള്‍ കിട്ടാനില്ല.
വിദേശ ഇനമായ സിട്രസ് ഓറഞ്ചാണ് ജ്യൂസിനായി ചുരുക്കം ചിലര്‍ വാങ്ങുന്നത്. കിലോയ്ക്ക് 130 രൂപയാണ് വില. ഇന്ത്യന്‍ ഓറഞ്ചിന് കിലോയ്ക്ക് 120 രൂപ വരും. 230 രൂപയാണ് ആപ്പിൾ വില.
മാമ്പഴത്തിന്റെ സീസണ് ആകാൻ ഒരാഴ്ച കൂടി കഴിയണം. പ്രിയൂര് മാമ്പഴം കിലോയ്ക്ക് 110 രൂപ നിലവിൽ വിലയുണ്ട്. മാമ്പഴവില ഇനിയും ഉയരുമെന്നാണ് വിപണി നല്കുന്ന സൂചന.
നേന്ത്രപ്പഴത്തിനും മറ്റും വിഷു അടുക്കുന്നതോടെ വില കൂടും. വിഷു വിപണി ലക്ഷ്യമിട്ടാണ് വാഴക്കര്‍ഷകര്‍ കൃഷി ചെയ്തിരിക്കുന്നത്.
കേരളത്തിലേക്ക് എത്തുന്ന വാഴപ്പഴത്തിന്റെ 70 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ്. വൈറ്റ് സീഡ്ലെസ് മുന്തിരി -120 രൂപ, മാതളം-180 രൂപ, മുസമ്പി-90 രൂപ, കറുത്ത മുന്തിരി- 80 രൂപ, ഏത്തപ്പഴം- 55 രൂപ, ഞാലിപ്പൂവന്- 54 രൂപ, റോബസ്റ്റ- 26 രൂപ, ചെറുപഴം- 25 രൂപ എന്നിങ്ങനെയാണ് മറ്റു പഴങ്ങളുടെ വില.