കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്തെ പഴ വിപണി കൂടുതൽ സജീവമായി. വേനലാരംഭത്തിനു മുന്‍പു പ്രതിദിനം 1000 ടണ്ണിനു താഴെ മാത്രം പഴങ്ങൾ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 1500 ടണ്‍ പഴങ്ങളാണ് എത്തുന്നത്. വഴിയോരക്കച്ചവടം ഉൾപ്പെടെ പഴം വിൽപന പൊടിപൊടിക്കുന്നു. സമീപകാലത്തെ ഏറ്റവുമധികം ചൂട് സംസ്ഥാനത്തു തുടരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നു വ്യാപാരികൾ പറയുന്നു.
പതിവിനു വിപരീതമായി ഇത്തവണ വേനൽക്കാലത്തു പഴങ്ങളുടെ വില കുറഞ്ഞ നിലയിലാണ്. വിൽപന കൂടാൻ ഇതും കാരണമായി. കിലോഗ്രാമിന് 60 രൂപ മുതൽ 80 രൂപ വരെ വിലയിലാണ് നാഗ്പുരിൽനിന്ന് ഓറഞ്ച് വിപണിയിലെത്തുന്നത്.
ഈജിപ്തിൽനിന്നും ഓറഞ്ച് എത്തുന്നുണ്ട്. ന്യൂസിലൻഡ്, ഫ്രാൻസ്, ഇറ്റലി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തുന്ന ആപ്പിളാണു വിപണിയിൽ ഡിമാൻഡുള്ള മറ്റൊരിനം. കാഷ്മീരി ആപ്പിളിന് 140 മുതൽ 150 രൂപവരെയാണ് വില.
പത്തു മുതൽ 20 വരെ കണ്ടെയ്നർ ആപ്പിളാണ് ദിവസവും ഇറക്കുമതി ചെയ്യുന്നത്. മഹാരാഷ്ട്രയിൽനിന്നെത്തുന്ന മുന്തിരിയും കർണാടക, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന തണ്ണിമത്തനുമാണ് സംസ്ഥാനത്തെ പഴ വിപണിലെ മറ്റിനങ്ങൾ. മുന്തിരിക്കു കിലോഗ്രാമിന് 80 മുതൽ 100 രൂപ വരെ വില ഈടാക്കുന്നു. തണ്ണിമത്തന് വേനൽ കടുത്തതോടെ വില കൂടി.
അതിനിടെ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന പഴവർഗങ്ങൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ വ്യാപകമാണ്. പാകമാകാത്ത കിരണ്‍ തണ്ണിമത്തനു മുകളിൽ പ്ലാസ്റ്റിക് പെയിന്റിംഗ് നടത്തിയാണ് പാകമായ തണ്ണിമത്തന്റെ രൂപം ആക്കുന്നതെന്നും മുന്തിരി നശിക്കാതിരിക്കാൻ പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള കീടനാശിനി പ്രയോഗം നടത്തുന്നുണ്ടെന്നുമാണു പ്രചാരണം. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഓൾ കേരള ഫ്രൂട്ട്സ് മർച്ചന്റസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
സംസ്ഥാനത്തേക്കെത്തുന്ന പഴവർങ്ങൾ പരിശോധനയ്ക്കുശേഷമാണ് വിൽപന നടത്തുന്നതെന്നും കീടനാശിനി പ്രയോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ വിൽപനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് പി.വി. ഹംസ പറഞ്ഞു.
മോശമായ ഭഷ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാരികൾക്കെതിരേ അസോസിയേഷൻ സ്വമേധയാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂട് കൂടിയ സാഹചര്യത്തിൽ ആരോഗ്യഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയിട്ടുണ്ട്.
ജെറി എം. തോമസ്