ആളില്ലാത്ത വീടുകളില്‍ കള്ളന്മാര് കയറുന്നത് പതിവാണ്. അത്തരത്തില്‍ അടൂരില്‍ ആളില്ലാത്ത ഒരു വീട്ടില്‍ കയറിയ കള്ളന്മാര് ആകെ പരതിയെങ്കിലും ഒരു പൈസ പോലും കിട്ടിയില്ല.
ഇങ്ങനെ ഒരു കൂട്ടരുടെ വരവ് പ്രതീക്ഷിച്ച വീട്ടുകാരുടെ തന്ത്രപരമായ നീക്കം കള്ളന്മാരുടെ പ്രതീക്ഷകളൊക്കെ തെറ്റിച്ചു.
പിന്നെ ഒരു വീട്ടില്‍ കയറിയിട്ട് ഒന്നും എടുക്കാതെ പോകുന്നത് കള്ളന്മാര്ക്ക് തന്നെ നാണക്കേടാണെന്നു കരുതി. അടുക്കളയില്‍ കയറി ‘കാപ്പിപ്പൊടി എടുത്ത്’ ഒരു കാപ്പിയിട്ടു കുടിച്ച് തൃപ്തിയഞ്ഞു.
ഏലയ്ക്കാകാപ്പി കുടിച്ച് ഉഷാറായ കള്ളന്മാര് ഒന്നും കിട്ടാഞ്ഞതിന്റെ കലിപ്പ് വീട്ടുപകരണങ്ങളോടാണ് തീര്‍ത്തത്. എല്ലാം അടിച്ചു തകര്‍ത്താണ് സംഘം മടങ്ങിയത്.
അടൂര്‍ കരുവാറ്റ വട്ടമുകളില്‍ സ്റ്റീവ് വില്ലയില്‍ അലീസ് വര്‍ഗീസ്, മറ്റത്തില്‍ രാജ് നിവാസില്‍ ലില്ലിക്കുട്ടി, മന്മോഹന് വീട്ടില്‍ രമാദേവി, അഷ്ടമിയില്‍ സുഭാഷ് സുകുമാരന്‍, അറപ്പുരയില്‍ ഗീവര്‍ഗീസ് തോമസ് എന്നിവരുടെ വീടുകളിലാണ് മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്.
ഇതില്‍ അറപ്പുരയില്‍ വീട് രണ്ടുമാസം മുന്‍പാണ് ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ഈ വീടിന്റെ കിച്ചണ്‍ ക്യാബ്, തടി അലമാര, ഷോക്കേസ് എന്നിവയാണ് നശിപ്പിച്ചത്.
മറ്റത്തില്‍ രാജ്നിവാസ് വീടിന് മുന്നിലെ രണ്ട് ക്യാമറകള്‍ നശിപ്പിച്ചു വീട്ടുടമസ്ഥര്‍ ഈ സമയം തിരുവനന്തപുരത്തായിരുന്നു.
ദൃശ്യങ്ങള്‍ കാമറയിലൂടെ അവര്‍ക്ക് ലഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.44 വരെ കാമറയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ ഒരു കാമറയില്‍ ആരോ പോകുന്ന നിഴല്‍ കാണാമെന്ന് വീട്ടുടമ പറഞ്ഞു.
അതിന് ശേഷമാകാം മുന്‍വശത്തെ കാമറ നശിപ്പിച്ചതെന്നാണ് കരുതുന്നത്. നശിപ്പിച്ച കാമറ വീടിന് സമീപത്തുനിന്നും കണ്ടെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.40-വരെ അടുക്കളയില്‍ വെളിച്ചം ഉണ്ടായിരുന്നതായി വീടിന് പുറക് വശത്തെ ക്യാമറയില്‍ നിന്നും മനസ്സിലാകുന്നുണ്ട്.
ഈ വീട്ടിലെ അടുക്കളയില്‍ നിന്നാണ് പാത്രം എടുത്ത് മോഷ്ടാക്കള്‍ ഏലക്കാ കാപ്പിയിട്ട് കുടിച്ചത്.
സിറ്റൗട്ടില്‍ കാപ്പി കുടിച്ച ഗ്ലാസും ഇരിപ്പുണ്ടായിരുന്നു. അടൂര്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.