നെടുങ്കണ്ടം: ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞുപോയതിനെച്ചൊല്ലി രാമക്കൽമേട്ടിൽ റിസോർട്ടിൽ ആക്രമണം നടത്തിയതായി പരാതി.
രാത്രിയിൽ അഞ്ചംഗ മദ്യപസംഘം ടേബിളും പ്ലേറ്റുകളും ഉൾപ്പെടെ അടിച്ചുപൊട്ടിച്ച് ഒന്നരമണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
റിസോർട്ട് ജീവനക്കാരനെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
രാമക്കൽമേട് സിയോൺ ഹിൽസ് റിസോർട്ടിൽ വിളിച്ച് ചിലർ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. 11ഓടെ സംഘം റിസോർട്ടിലെത്തി ഫ്രൈഡ് റൈസ് ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുകയും ചെയ്തു.
ഇതിനിടയിലാണ് ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ പ്രത്യേകം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
ഇതിനിടയിൽ സംഘത്തിലെ ഒരാൾ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നെന്നാണ് റിസോർട്ട് ജീവനക്കാർ പറയുന്നത്. തുടർന്ന് ടേബിളുകൾക്കും കേടുപാടുകൾ വരുത്തി.
ജീവനക്കാരൻ അനു മാത്യുവിന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും ശ്രമമുണ്ടായി. ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
ആക്രമണത്തിനിടെ അക്രമികളിൽ ഒരാളുടെ കൈ മുറിഞ്ഞ് പരിക്കേറ്റതായും ജീവനക്കാർ പറഞ്ഞു. റിസോർട്ടിനുള്ളിൽ രക്തം തളംകെട്ടിക്കിടപ്പുണ്ട്.
സംഭവത്തിൽ നെടുങ്കണ്ടം പോലീസിൽ റിസോർട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.
എന്നാൽ തങ്ങൾ ഓർഡർ ചെയ്ത ഭക്ഷണമല്ല നൽകിയതെന്നും അതിനെത്തുടർന്ന് വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും ടേബിൾ തകർത്തിട്ടില്ലെന്നും ആരോപണവിധേയരായ യുവാക്കളും പറഞ്ഞു.