ഇടുക്കി: ഇടുക്കി അണക്കെട്ടിലെ വെള്ളം നിറഞ്ഞു തുളുന്പാൻ കൊതിക്കുന്പോഴും യാതൊരു ആശങ്കയുമില്ലാതെ ശാന്തമാണ് ഇടുക്കിയുടെ മനസ്. എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ അസ്വസ്ഥ ചിന്തകളും കുറിപ്പു കളും ദിനംതോറും കടന്നു വരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
അണക്കെട്ടിലെ വെള്ളം മുഴുവൻ തുറന്നുവിട്ടു നാടിനെ പ്രളയക്കെടുതിയിലേക്കു തള്ളിവിടുമെന്ന രീതിയിലാണ് പ്രചാരണങ്ങൾ. മുൻകാലങ്ങളിൽ ജലനിരപ്പ് 2401 അടി എത്തിയപ്പോഴാണ് തുറന്നതെന്ന കാര്യം പോലും മറന്നാണ് പലരും കിംവദന്തികൾ സൃഷ്ടിക്കുന്നത്.
പലപ്പോഴും ജില്ലാ ഭരണകൂടത്തെ പോലും തെറ്റിദ്ധരിപ്പിക്കാനും അതു ജനങ്ങളിലേക്കു വാർത്തകളായി പ്രചരിപ്പിക്കാനുമുള്ള ശ്രമം വ്യാപകമാണ്. ഇടുക്കി അണക്കെട്ട് പണിയുന്ന കാലത്തും അതിനുശേഷവും രണ്ടുപ്രാവശ്യം തുറന്നു വിട്ടപ്പോഴും ഇവിടെക്കഴിഞ്ഞ ജനതയ്ക്കു മുന്നിലാണ് ഇത്തരം കഥയില്ലാത്ത പ്രചാരണങ്ങൾ.
അണക്കെട്ടിനും നാടിനും എന്തോ ദുരന്തം സംഭവിക്കുന്നു എന്ന രീതിയിലാണ് ദുഷ്പ്രചാരണങ്ങൾ. ഇതുകൊണ്ടു തന്നെ ഇടുക്കി ഡാമിലേക്കു ജനപ്രവാഹമാണ്. ഇതും സുരക്ഷാക്രമീകരണത്തിനു തടസങ്ങളായി മാറുന്നു. ജലസംഭരണിക്കടുത്ത് എത്തു ന്ന വിനോദ സഞ്ചാരികൾ സെൽഫിയെടുക്കാനുള്ള സാഹസികത അധികാരികൾക്കു പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല.
വെള്ളം ഓരോ നിമിഷവും കയറുന്പോഴാണ് തെന്നികിടക്കുന്ന പാറകളിൽ കയറിയുള്ള ഇവരുടെ സാഹസികത. അധികാരികൾ റിബണ്‍ ഉപയോഗിച്ചു പ്രവേശനം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതിനെല്ലാം പുല്ലുവില നല്‍കിയാണ് ആളുകൾ കയറിയിറങ്ങുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
അധികാരികളുടെ നിർദേശം ശ്രവിക്കാനോ അനുസരിക്കാനോ പുറത്തുനിന്നുമുള്ള ആളുകൾ തയാറാകുന്നില്ല. എല്ലാ ഷട്ടറുകളും ഒന്നിച്ചു തുറക്കില്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഷട്ടറുകളിൽ ഒരെണ്ണമാണ് ആദ്യം തുറക്കുന്നത്. അതും പൂർണമായും തുറക്കില്ല. ജനങ്ങൾ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നു ജില്ലാ കളക്ടർ പലവട്ടം അറിയിച്ചു.
സാധാരണഗതിയിൽ വെള്ളം കയറാത്ത സ്ഥലമാണെങ്കിലും ദുരന്തനിവാരണ സേനയുടെ വിലയിരുത്തലിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറുന്നതിന് നിർദേശിക്കപ്പെട്ടവർ തയാറാകണം എന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു.
കരുതലിന്റെ ഭാഗമായിട്ടാണ് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിരിക്കുന്നതെന്നും കിംവദന്തികളും പൊതുജനങ്ങളിൽ ആശങ്കയും പടരാതിരിക്കാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നും കളക്ടർ കെ.ജീവൻ ബാബു പറഞ്ഞു.
മതിയായ മുന്നറിയിപ്പുകൾ നൽകിയശേഷമേ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുകയുള്ളൂ. വെള്ളം ഒഴുകുന്നതിന്റെ പരിസരത്തുള്ള വീട്ടിൽ നിന്ന് മാറേണ്ട സാഹചര്യം ഉണ്ടായാൽ അതിനുള്ള തയാറെടുപ്പുകൾ നേരത്തെ നടത്തണം എന്നും കളക്ടർ പറഞ്ഞു. വെള്ളം ഒഴുകുന്ന വഴികളിലുള്ള ചപ്പാത്തുകൾ, പാലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ദൃശ്യങ്ങൾ പകർത്താനോ അപകടകരമായ രീതിയിൽ സെൽഫി എടുക്കാനോ അനുവദിക്കില്ല.
സുരക്ഷ ശക്തമാക്കി സർക്കാർ
ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ടിനു സമീപം സുരക്ഷ ശക്തമാക്കി. അണക്കെട്ടിനു താഴെയും നദീതിരത്ത് ഉള്ളവർക്കും ജാഗ്രതാ നിർദേശം നല്‍കുകയും ചെയ്തു. സുരക്ഷ ഒരുക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചെന്നൈ ആർക്കോണത്തു നിന്നും ഇടുക്കിയിലെത്തിയിട്ടുണ്ട്.
ഏതു സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിനു പരിശീലനം ലഭിച്ചവരാണിവർ. ചെറുതോണിയിൽ ജില്ലാ ഭരണകൂടം കണ്‍ട്രോൾറൂം തുറന്നു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി മൂന്നു ജില്ലകളിൽ അവധിയിൽ പോയ റവന്യു ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ റവന്യു ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്. ഇതു സംബന്ധിച്ചു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അധികൃതർക്കു നിർദേശം നൽകി. നിലവിൽ ജലനിരപ്പ് 2395 കടന്നതിനാൽ ഓറഞ്ച് അലർട്ടിലാണ് നിൽക്കുന്നത്. 2399ലെത്തുന്പോഴാണ് സാധാരണ റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതെങ്കിലും ഇവിടെ 2397ലെത്തുന്പോൾ അതീവജാഗ്രത നിർദേശംനൽകാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ ഡാമിലെയും മറ്റു ചെറു ഡാമുകളിലും ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണിത്.
ആദ്യം തുറന്നത് 37 വർഷം മുന്‍പ്
37 വർഷം മുന്‍പാണ് ആദ്യമായി ഇടുക്കി ഡാം തുറന്നത്. അന്ന് ഡാമിന്റെ ഷട്ടറുകൾ തുറന്നാൽ എന്താണ് സംഭവിക്കുക എന്നറിയാൻ നിരവധി പേരാണ് ചെറുതോണിയിലും സ്പിൽവേ ഗേറ്റുകളിലും എത്തിയിരുന്നത്. അന്നത്തെ ജനക്കൂട്ടത്തെ വടം കെട്ടിയാണ് പോലീസ് നിയന്ത്രിച്ചത്. ഇതോടൊപ്പം അനൗണ്‍സ്മെന്റുകളും കൃത്യമായ മുന്നറിയിപ്പുകളും ഉണ്ടായിരുന്നു.
ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തെ രണ്ട് ഷട്ടറുകളായിരുന്നു ആദ്യം ഉയർത്തിയത്. അന്ന് ജലനിരപ്പ് 2401 അടി പിന്നിട്ട ശേഷമാണ് ഷട്ടറുകൾ ഉയർത്തിയത്. 1992 ഒക്ടോബർ 11 ന് ചെറുതോണി അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടറുകൾ വീണ്ടും ഉയർത്തിയിരുന്നു.സമാനമായ സാഹചര്യം 2013 ൽ ഉണ്ടായെങ്കിലും ഷട്ടറുകൾ തുറക്കേണ്ടി വന്നില്ല. അന്ന് ജലനിരപ്പ് ഏകദേശം 2401.5 അടി വരെ ഉയർന്നിരുന്നു.
ജോണ്സണ് വേങ്ങത്തടം