ആലപ്പുഴ: വെള്ളത്തിൽ മുങ്ങിയ ഹൗസ് ബോട്ടിൽ നിന്ന് സഞ്ചാരികളുടെ ലഗേജ് പുറത്തെടുക്കുന്നതിനിടെ ബോട്ടിനകത്ത് കുടുങ്ങിയ രക്ഷാപ്രവർത്തകന് ദാരുണ അന്ത്യം.
കൈനകരി പഞ്ചായത്ത് 14ാം വാർഡിൽ ഇഎംഎസ് ജെട്ടിക്കു സമീപം വെളാത്തുതറ വീട്ടിൽ പ്രസന്നനാ(56)ണ് മുങ്ങിമരിച്ചത്.
ഇന്നലെ രാവിലെ കൈനകരി കന്നിട്ട ജെട്ടിയിലായിരുന്നു സംഭവം. കൊമ്മാടി തമിഴ്നാട് സ്വദേശികളായ മൂന്ന് സഞ്ചാരികളുമായി കായൽ സൗന്ദര്യം ആസ്വദിച്ച ശേഷം വെള്ളിയാഴ്ച വൈകിട്ട് കന്നിട്ട ജെട്ടിയിൽ ഹൗസ്ബോട്ട് നങ്കൂരമിട്ടു.
ഇന്നലെ പുലർച്ചെ സഞ്ചാരികളും ജീവനക്കാരും ഉറക്കമുണർന്നപ്പോൾ ബോട്ടിന്റെ അടിപ്പലകയുടെ ഭാഗത്ത് നിന്ന് വെള്ളം ഇരച്ച് കയറുന്നത് കണ്ടു.
മൂന്ന് സഞ്ചാരികളും ജീവനക്കാരും പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബോട്ട് മുങ്ങിത്താഴ്ന്നു.
വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് മുങ്ങൽ വിദഗ്ധനായ പ്രസന്നൻ 9.30ന് സ്ഥലത്തെത്തി. മുങ്ങിക്കിടന്ന ബോട്ടിന്റെ ജനൽ ഭാഗം പൊളിച്ച് പ്രസന്നൻ ബോട്ടിനകത്ത് കടന്നു.
ലഗേജുകൾ ഓരോന്നായി സാഹസികമായി പുറത്തെടുക്കുന്നതിനിടെ ബോട്ടിലെ ഇടുങ്ങിയ പാസേജിൽ കുടുങ്ങി. പുറത്തേക്ക് വരാത്തതിനെത്തുടർന്ന് 10.45ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
സ്റ്റേഷൻ ഓഫീസർ വേണുക്കുട്ടന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം കന്നിട്ട ജെട്ടിയിൽ എത്തി. മുങ്ങിയ ഹൗസ് ബോട്ട് സുരക്ഷിതമായി റോപ്പ് ഉപയോഗിച്ച് വലിച്ചു കെട്ടി.
തുടർന്ന് ഹൗസ്ബോട്ടിന്റെ വാതിൽ ഭാഗം കട്ടർ ഉപയോഗിച്ച് ആദ്യം തുറന്നു. തുടർന്നുള്ള പരിശോധനയിൽ പാസേജിന്റെ ഭാഗത്ത് മരിച്ച നിലയിൽ പ്രസന്നനെ കണ്ടെത്തുകയായിരുന്നു.
മൂന്ന് മണിക്കൂർനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സൗത്ത് പോലീസ് കേസെടുത്തു. കൊമ്മാടി സ്വദേശിയായ രമേശന്റെ ഉടമസ്ഥതയിലുള്ള കാർത്തിക എന്ന ഹൗസ് ബോട്ടാണ് മുങ്ങി യത്.