പെട്രോള്‍ വില നാള്‍ക്കുനാള്‍ റോക്കറ്റു പോലെ കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ നട്ടംതിരിയുകയാണ്. എന്നാല്‍ പെട്രോള്‍ വില 100 രൂപയെത്തിയാല്‍ നാട്ടുകാര്‍ക്കൊപ്പം പെട്രോള്‍ പമ്പുകളും വെട്ടിലാകും. കാരണം നിലവില്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്ന ഇന്ധന മെഷീനുകളില്‍ ഡിസ്പ്ലേ ചെയ്യുന്ന യൂണിറ്റ് പ്രൈസ് 99.99 വരെ മാത്രമെ സെറ്റ് ചെയ്തിട്ടുള്ളു. 100 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില ഉയരുകയാണെങ്കില്‍ യൂണിറ്റ് പ്രൈസ് 100 രൂപ എന്ന് ഡിസ്പ്ലേ ചെയ്യാന്‍ പാകത്തിന് പുനക്രമീകരണം നടത്തേണ്ടി വരും.
ഇത് പറയാന്‍ കാരണം മുംബൈ പോലുള്ള നഗരങ്ങളില്‍ വില്‍ക്കുന്ന പ്രീമിയം പെട്രോളിന്റെ വില നൂറ് രൂപ കഴിഞ്ഞു. സാധാരണ പെട്രോളിന് 90 രൂപയ്ക്ക് അടുത്താണ് ഇവിടെ വില. ഹിന്ദുസ്ഥാന്‍ പെട്രോളിയം വില്‍ക്കുന്ന ഒക്ടെയ്ന് ക്വാളിറ്റി പെട്രോളിന് സാധാ പെട്രോളിനെക്കാള്‍ 20 രൂപ കൂടുതലാണ്. ഈ പെട്രോളിന്റെ വില മെഷീനുകളില്‍ ഡിസ്പ്ലേ ചെയ്യുമ്പോള്‍ 103 രൂപ എന്നത് 03.33 എന്നാണ് കാണിക്കുന്നത്. എച്ച്പിയുടെ ഈ പ്രീമിയം പെട്രോളിന്റെ പേര് പവര്‍ 99 എന്നാണ്. ഇത് പോലെ മറ്റ് എണ്ണ കമ്പനികള്‍ക്കും പ്രീമിയം പെട്രോള്‍ വകഭേദങ്ങളുണ്ട്.
ഹൈഎന്‍ഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാത്രമാണ് പ്രീമിയം പെട്രോളുകളെ സാധാരണഗതിയില്‍ ആശ്രയിക്കാറുള്ളത്. കൂടുതല്‍ ആളുകളും സാധാ പെട്രോളാണ് വാഹനങ്ങളില്‍ നിറയ്ക്കാറുള്ളത് എന്നതിനാല്‍ പ്രീമിയം പെട്രോളുകള്‍ക്ക് 100 കടന്നത് അധികമാരും അറിഞ്ഞിട്ടുമില്ല.പെട്രോള്‍ പമ്പുകളിലെ യൂണിറ്റ് വില സെന്‍ട്രല്‍ സെര്വറുകളില്നിന്നാണ് അപ്ഡേറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മെഷീനുകളില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടേണ്ടി വരും. സാധാ പെട്രോളിന് വില കയറിക്കൊണ്ട് ഇരിക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് പമ്പുടമകളും ഇപ്പോള്‍ ബോധവാന്മാരാണ്. ഈ പ്രതിസന്ധിയുടെ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിക്കുന്നുണ്ട്.