കൊച്ചി: പാക്കിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിനു വില 76.42 രൂപ, ശ്രീലങ്കയിലാകട്ടെ 90 രൂപയും. നമ്മുടെ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളിലൊഴികെ എല്ലാ സംസ്ഥാനത്തും നൂറു രൂപയ്ക്കു മേലെയാണ് പെട്രോൾ വില. സാന്പത്തിക മാന്ദ്യത്തിൽപ്പെട്ടുലയുന്ന ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഈടാക്കുന്നതിനേക്കാൾ വളരെ കൂടിയ വിലയാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്.
പാക്കിസ്ഥാനിൽ ഇന്നത്തെ പെട്രോൾ വില 76.42 ഇന്ത്യൻ രൂപയാണ് (248.38 പാക്കിസ്ഥാനി രൂപ – ഒരു പാക്കിസ്ഥാനി രൂപയ്ക്ക് ഇന്നത്തെ വിനിമയ നിരക്കു വച്ച് 31 പൈസയാണ് മൂല്യം), സാന്പത്തിക മാന്ദ്യം മറികടക്കാൻ പാക്ക് സർക്കാർ പല തവണ വില കൂട്ടിയതാണ് പെട്രോളിനും ഡീസലിനും ഇവിടെ ഇത്രയും വിലയാകാൻ കാരണം.
ശ്രീലങ്കയിൽ നേരത്തെ കടുത്ത സാന്പത്തിക മാന്ദ്യം അനുഭവപ്പെട്ടിരുന്ന സമയത്ത് പെട്രോളിനും ഡീസലിനും തീവിലയയായിരുന്നു. എന്നാൽ സാന്പത്തിക രംഗം മെച്ചപ്പെട്ടതോടെ അവരും പെട്രോളിനും ഡീസലിനും വില കുറച്ചു. ശ്രീലങ്കയിൽ സാധാരണ പെട്രോളിന് ലിറ്ററിന് ഇപ്പോൾ 89.36 രൂപയാണ് (311 ശ്രീലങ്കൻ രൂപ. ഒരു ശ്രീലങ്കൻ രൂപയ്ക്ക് 29 പൈസയാണ് മൂല്യം).
പശ്ചിമേഷ്യയിൽ യുദ്ധഭീഷണി നിലനിന്നിട്ടും എണ്ണവില കുത്തനെ ഇടിയുകയാണ്. ഇറാൻ ഇസ്രായേലിനെതിരേ നടത്തിയ ആക്രമണത്തെത്തുടർന്ന് ഒക്ടോബർ ഏഴിന് ബ്രെന്റ് ക്രൂഡ് ബാരലിന്(159 ലിറ്റർ) 81 ഡോളറോളം എത്തിയ എണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞ് ഒക്ടോബർ 28ന് 71.12 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇന്നത്തെ വില 73.96 ഡോളറാണ്. ഇനിയും വില ഇടിയാനാണ് സാധ്യതയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വില കുറയ്ക്കാൻ സർക്കാർ തയാറാവാത്തതാണ് കാരണം. സംസ്ഥാന സർക്കാരിനും വില കുറയ്ക്കാൻ താത്പര്യമില്ല. കോടികളാണ് എണ്ണയിൽനിന്നും നികുതിയായി കേന്ദ്ര-സംസ്ഥാനങ്ങൾക്ക് ദിവസേന ലഭിക്കുന്നത്. വില കുറച്ചാൽ സംസ്ഥാനങ്ങളുടെ വരുമാനത്തിലും വൻ കുറവുണ്ടാകും.
അടുത്തയിടെ പ്രസിദ്ധീകരിച്ച ഐസിആർഎ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിൽനിന്ന് 15 രൂപയും ഡീസലിൽനിന്ന് 12 രൂപയും ലാഭം നേടുന്നതായാണ് കണക്കുകൾ. പെട്രോളിന്റെയും ഡീസലിന്റെയും വിലയ്ക്കൊപ്പം തന്നെ നികുതിയും ഈടാക്കിയതിനു ശേഷമുള്ള ലാഭമാണിത്. ചുരുക്കിപ്പറഞ്ഞാൽ 45-50 രൂപ വില വരുന്ന പെട്രോളാണ് 105 രൂപയ്ക്ക് വില്പന നടത്തുന്നത്.
രാജ്യത്ത് ജീവനക്കാർക്ക് ഏറ്റവുമധികം ശന്പളം നൽകുന്നതും അവരുടെ ക്ഷേമത്തിനായി ഏറ്റവുമധികം പണം ചെലവഴിക്കുന്നതും എണ്ണക്കന്പനികളാണ്. ജീവനക്കാരുടെ ഉല്ലാസത്തിനായി പോലും എണ്ണക്കന്പനികൾ കോടികളാണ് പൊടിക്കുന്നത്.
ലാഭനിരക്ക് കുറച്ചു കാണിക്കുകയാണ് ലക്ഷ്യം. എന്നിട്ടും ഇവരുടെ ലാഭം ആയിരക്കണക്കിനു കോടിയായി പെരുകുകയാണ്. 70-80 ഡോളറിനുള്ളിൽ നിന്നാൽ എണ്ണവില കുറയ്ക്കുമെന്ന് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞതും പാഴ്വാക്കായി.
എസ്. റൊമേഷ്