രാജ്യത്തെ ജനങ്ങള്‍ ഇന്ധന വിലയില്‍ പൊറുതി മുട്ടുമ്പോള്‍, അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് വെറും 34 രൂപയ്ക്ക്! വിവരാവകാശ രേഖ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്

രാജ്യത്തെ ജനങ്ങള്‍ ഇന്ധനവില വര്‍ധനയില്‍ പൊറുതിമുട്ടുമ്പോള്‍, രാജ്യത്തിന് പുറത്തേക്ക് തുച്ഛമായ വിലയ്ക്ക് പെട്രോളും ഡീസലും കയറ്റുമതി ചെയ്യുകയാണെന്ന്, കേന്ദ്രമെന്ന് കോണ്‍ഗ്രസ്. സാധാരണക്കാരെ കൊള്ളയടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും വിവരാവകാശ രേഖ ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

ഭീമമായ നികുതി ചുമത്തി മോദി സര്‍ക്കാര്‍ ഇതിനോടകം 11 ലക്ഷം കോടി രൂപ തട്ടിയെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോളിന് 78 മുതല്‍ 86 രൂപ വരെയും ഡീസലിന് 70 മുതല്‍ 75 രൂപ വരെയുമാണ് ഇന്ത്യയിലെ വില. പക്ഷെ മോദി സര്‍ക്കാര്‍ 15 രാജ്യങ്ങള്‍ക്ക് ലിറ്ററിന് 34 രൂപയെന്ന തോതില്‍ പെട്രോളും 29 രാജ്യങ്ങള്‍ക്ക് 37 രൂപയ്ക്ക് ഡീസലും വില്‍ക്കുകയാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായിട്ടുണ്ട്.

ഇംഗ്ലണ്ട്, ആസ്ട്രേലിയ, അമേരിക്ക, മലേഷ്യ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നുണ്ട്. പെട്രോളും ഡീസലും ജി,എസ്.ടിയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ബി.ജെ.പി സര്‍ക്കാര്‍ തള്ളിയിരുന്നു.

2014 മെയ് മാസത്തില്‍ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 9.2 രൂപ മാത്രമായിരുന്നു. ഇപ്പോഴത് 19.48 രൂപയായി. ഡീസലിന് 3.46 രൂപയായിരുന്നിടത്ത് ഇപ്പോഴത്തെ എക്‌സൈസ് ഡ്യൂട്ടി 15.33 രൂപയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എക്‌സൈസ് ഡ്യൂട്ടി മാത്രം 12 തവണ ഉയര്‍ത്തിയെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

Related posts