ആലപ്പുഴ: പഴകിയ മത്സ്യം വീണ്ടും വിപണിയിൽ ഇടംപിടിക്കുന്നു. നടപടിയെടുക്കാതെ അധികൃതർ. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഏതാനും ആഴ്ചകളായി വീണ്ടും പഴകിയ മത്സ്യങ്ങൾ വില്ക്കുന്നതായി പരാതി.
കൂടുതലും വഴിയോര വിൽപ്പന ശാലകളിലാണ് പഴകിയ മത്സ്യങ്ങൾ ഇടംപിടിച്ചിരിക്കുന്നത്.
അന്യ സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന വലിയ മത്സ്യങ്ങൾ വഴിയോര വിൽപ്പനശാലകളിൽ മുറിച്ച ശേഷം ആഴ്ചകൾ കൊണ്ടാണ് വിറ്റുതീർക്കുന്നത്.
ഇവ കേടാകാതിരിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള മാരക വസ്തുക്കൾ ചേർക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
ഏതാനും മാസം മുൻപ് പഴകിയ മത്സ്യം വിൽക്കുന്നതിനെതിരേ സംസ്ഥാനത്തെങ്ങും കർശന പരിശോധന നടന്നിരുന്നു. എന്നാൽ, പരിശോധന കുറഞ്ഞതോടെ മായം കലർന്ന മത്സ്യങ്ങൾ വീണ്ടുമെത്തിയിരിക്കുകയാണ്.
അന്വേഷണം നടത്തേണ്ട ഭക്ഷ്യ സുരക്ഷാവിഭാഗവും ആരോഗ്യ വകുപ്പും ഊർജിത പരിശോധനകൾ കുറച്ചതാണ് വീണ്ടും മായം കലർന്ന മത്സ്യം വ്യാപകമാകാൻ കാരണം.
പരിശോധനയ്ക്കുള്ള അറിയിപ്പ് ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് പല ഉദ്യോഗസ്ഥരും പരിശോധന നടത്താത്തത്.
വലിയ ഇൻസുലേറ്റഡ് വാഹനങ്ങളിൽ ടൺ കണക്കിനു വലിയ മത്സ്യമാണ് ജില്ലയുടെ പ്രധാന മാർക്കറ്റുകളിലും വഴിയോര വിൽപ്പന ശാലകളിലുമെത്തിക്കുന്നത്.
അന്യസംസ്ഥാനങ്ങളിൽനിന്നുള്ള മീൻ, ദിവസങ്ങൾ കഴിഞ്ഞാണ് ജില്ലയിലെത്തിക്കുന്നത്.
കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത്തരം മത്സ്യ വിൽപ്പന ശാലകളിൽ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടത്തണമെന്നാവശ്യമാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്.