ഹിസാര്‍ : വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശമിച്ച കമിതാക്കള്‍ക്ക് ആശുപത്രി ഐസിയുവില്‍ വിവാഹം. ഹിസാര്‍ ജില്ലയിലെ പീരാന്‍വാലി ഗ്രാമത്തിലെ 23 കാരന്‍ ഗുരുമുഖ് സിംഗും ഹിസാര്‍ നഗരത്തിലെ വിദ്യൂത് നഗറിലെ 22 കാരി കുസുമവുമാണ് കഥയിലെ നായകനും നായികയും. ആശുപത്രിയില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.
ഹിസാറിലെ ഡിഎന്‍ കോളേജില്‍ സഹപാഠികളാണ് ഗുര്‍മുഖും കുസുമവും. പരിചയപ്പെട്ട നാള്‍ മുതലുള്ള ഇവരുടെ സൗഹൃദം രണ്ടു വര്‍ഷം മുമ്പ് പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇരുന്നതെങ്കിലും രണ്ടു പേരുടെയും മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഒന്നിക്കാന്‍ കഴിയില്ലെന്ന് ഭയപ്പെട്ട ഇരുവരും ഒരു ക്ഷേത്രത്തിന് അടുത്തുള്ള നഗരത്തിലെ ഒരു സൈബര്‍ കഫേയില്‍ പോയിരുന്ന് ഒരുമിച്ച് വിഷം കഴിക്കുകയായിരുന്നു. ഇതിന് മുമ്പായി ഗുര്‍മുഖ് തന്റെ മൂത്ത സഹോദരനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വിവരമറിഞ്ഞ് കുടുംബം പെട്ടെന്ന് തന്നെ കഫേയില്‍ എത്തുകയും ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.
തുടര്‍ന്ന ഇരുവരേയൂം ഭരത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഐസിയുവില്‍ ആക്കുകയും ചെയ്തു. കാര്യങ്ങള്‍ വഷളായതോടെ പരസ്പരം വഴക്കടിച്ചിരുന്നു ഇരുവീട്ടുകാരുടേയും വാഗ്വാദം മൂര്‍ച്ഛിച്ചെങ്കിലും ആശുപത്രിയിലെ ഡോക്ടര്‍ റൂബി ചൗഹാന്റെ ഇടപെടല്‍ ഗുണകരമായി മാറി. കുട്ടികളുടെ ഇഷ്ടം പരിഗണിക്കാന്‍ ഇദ്ദേഹം ഇരുവീട്ടുകാരേയും ഉപദേശിക്കുകയും പിന്നീട് നടന്ന കൂടിയാലോചനയ്ക്ക് ശേഷം ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ലളിതമായ ചടങ്ങു നടത്തി മാതാപിതാക്കള്‍ തന്നെ ഇരുവരേയും ഒന്നിപ്പിച്ചു.
ഐസിയുവില്‍ ആയിരുന്നെങ്കിലും വധുവരന്മാരുടെ വേഷത്തില്‍ തന്നെ ആയിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാര്‍ തന്നെ പ്രത്യേകമായി ക്ഷണിച്ച ഏറ്റവും അടുത്ത ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും സാന്നിദ്ധ്യത്തില്‍ ആയിരുന്നു വിവാഹം. അതേസമയം വിവാഹം നടന്നെങ്കിലും കുസുമത്തിന്റെ ആരോഗ്യനില അത്ര മെച്ചമല്ല. എന്നാല്‍ ഗുര്‍മുഖിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇരുവര്‍ക്കും മികച്ച ചികിത്സയാണ് നല്‍കുന്നത്. ഇപ്പോള്‍ ലളിതമായ ചടങ്ങില്‍ വിവാഹം നടത്തിയെങ്കിലും ഇരുവരും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ എത്തിയ ശേഷം വമ്പന്‍ ചടങ്ങ് നടത്തി വിവാഹാഘോഷം പൊടിപൊടിക്കാനാണ് വധുവിന്റെ വീട്ടുകാരുടെ തീരുമാനം. ഗ്രാമം ഒന്നടങ്കം വിജയിച്ച കാമുകീകാമുകന്മാരെ കാത്തിരിക്കുകയാണ്.