കൊല്ലം: ഫുള്‍ജാര്‍ സോഡയടക്കം വഴിയോരത്ത് വില്‍ക്കുന്ന എല്ലാ പാനീയങ്ങളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. ജില്ലാ ഭക്ഷ്യോപദേശക സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയില്ലാത്ത വെള്ളവും ബ്ലിച്ചിങ് പൗഡര്‍ കലര്‍ന്ന സോഡയും ഉപയോഗിക്കുന്നതായി കമ്മിറ്റി അംഗം പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഇടപെടല്‍.
മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിനും അമോണിയയും അടക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് വളരെവേഗം പരിശോധിക്കാവുന്ന സ്ട്രിപ്പുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സി ഐ എഫ് ടി) ആണ് സ്ട്രിപ്പ് വികസിപ്പിച്ചത്. മീനിന്റെ പുറത്ത് സ്ട്രിപ്പ് ഉപയോഗിച്ച് ഉരസിയതിന് ശേഷം പ്രത്യേക ലായനി ഒഴിക്കുന്നതോടെ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ സ്ട്രിപ്പിന് നിറമാറ്റം ഉണ്ടാവും. വിപണിയില്‍ ഇതിനോടകം ലഭ്യമാണ് വെളുത്ത നിറമുള്ള സ്ട്രിപ്.
ഓണത്തിന് മുന്നോടിയായി സിവില്‍ സപ്ലൈസ്, ആരോഗ്യ, ഭക്ഷ്യസുരക്ഷാ, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി റെയ്ഡുകള്‍ ശക്തമാക്കും. ഹോട്ടലുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, ജ്യൂസ് പാര്‍ലറുകള്‍, ബേക്കറി, ബോര്‍മ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി; സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനക്ക് വിധേയമാക്കും. ഗുണനിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
വിലനിലവാര ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നടപടിയുണ്ടാവും. പച്ചക്കറിക്ക് അമിതവില ഈടാക്കുന്ന കാര്യം പരിശോധിക്കും. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍, ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വില്ക്കുന്നവര്, നിര്‍മാണ തീയതി വ്യക്തമാക്കാത്ത ചപ്പാത്തി, കൃത്രിമ നിറം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ അനില്‍ രാജ്, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി ഷിബു, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് ജയചന്ദ്രന്, ഭക്ഷ്യോപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.