കോട്ടയം: സോഷ്യൽ മീഡിയയുടെ പരസ്യത്തിന്റെ പിൻബലത്തിൽ നഗരത്തിൽ ഹിറ്റായ ഫുൾജാർ സോഡയുടെ കാറ്റുപോയി. നഗരത്തിലെ ഫുൾജാർ സോഡാ ഇന്നലെ നഗരസഭാ ആരോഗ്യ വിഭാഗം പൊക്കി. സിഎംഎസ് കോളജിനു സമീപം കുമരകം റോഡരികിൽ റിക്കാർഡ് കച്ചവടം നടത്തി വരവെ ഇന്നലെ രാവിലെ ഹെൽത്ത് വിഭാഗം എത്തി ഉപകരണങ്ങൾ വണ്ടിയിൽ കയറ്റി.
ഇതോടെ നഗരത്തിൽ നുരഞ്ഞു പൊങ്ങിയ ഫുൾജാർ സോഡ അലിഞ്ഞില്ലാതായി. നഗര അതിർത്തിയിൽ ഇനി എവിടെയെങ്കിലും ഇതു പ്രവർത്തിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ച മാറ്റുമെന്നാണ് അധികൃതർ പറയുന്നത്. ഒരു തരത്തിലുള്ള ലൈസൻസും ഇല്ലാതെയുള്ള കച്ചവടം അനുവദിക്കാനാവില്ലെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. റോഡരികിൽ വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു കച്ചവടം.
സോഡയിൽ ഇവർ നല്കുന്ന കൂട്ട് ആരോഗ്യത്തിന് ഹാനികരമാണോ എന്ന സംശയമുണ്ടായിരുന്നു. തുറന്ന അന്തരീക്ഷത്തിൽ പാനീയം തയാറാക്കി നല്കുന്നതടക്കമുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഫുൾജാർ സോഡയ്ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ലീലാമ്മ ജോസഫ് പറഞ്ഞു.
സോഡ കുടിക്കാൻ വരുന്നവരുടെ തിരക്ക് കാരണം റോഡിൽ മാർഗ തടസം സൃഷ്ടിക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഒരു ദിവസം പെട്ടെന്ന് വഴിയരികിൽ ഒരു അനുമതിയും വാങ്ങാതെ കട തുടങ്ങി എന്തോ ഒരു പാനീയം വിൽക്കുന്നത് ശരിയായ നടപടിയില്ല. മഴക്കാലം വരുന്നു. പല വിധത്തിലുള്ള രോഗങ്ങൾ പടരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഫുൾജാർ സോഡയ്ക്കെതിരേ നടപടിയെടുത്തത്. പിഴയടച്ച് അവരുടെ സാധനങ്ങൾ തിരികെ വാങ്ങാം. പക്ഷേ നഗരത്തിൽ ഒരിടത്തും ഇത്തരം വിൽപന കേന്ദ്രങ്ങൾ അനുവദിക്കുകയില്ലെന്നും ചെയർപേഴ്സണ് വ്യക്തമാക്കി.
ഫുൾജാർ സോഡ ഉപഭോക്താക്കളിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. ഫേസ്ബുക്ക് ടൈം ലൈനുകളിലും വാട്സ് ആപ്പ് സ്റ്റാറ്റസുകളിലും ടിക്ടോക് ഫ്ളാറ്റ് ഫോമുകളിലും നിറഞ്ഞു കവിഞ്ഞൊഴുകിയ ഫുൾ ജാർ സോഡ കോട്ടയത്ത് ഏത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളു. ഉത്തരേന്ത്യയിൽനിന്നും കോഴിക്കോട്, മലപ്പുറം, കൊച്ചി വഴിയാണ് ഫുൾ ജാർ കോട്ടയത്തും എത്തി നാടും നഗരവും കീഴടക്കിയത്.
കാന്താരി മുളക്, ചെറുനാരങ്ങ നീര്, കറിവേപ്പില, ഇഞ്ചി, പുതിനയില തുടങ്ങിയവ ചേർത്ത് മിക്സിയിൽ അരച്ചാണ് ഫുൾ ജാർ സോഡയുടെ രസക്കൂട്ട് തയാറാക്കുന്നത്. ഈ കൂട്ട് ചെറിയ വൈൻ ഗ്ലാസിൽ ഒഴിച്ചു വയ്ക്കും. മറ്റൊരു വലിയ ഗ്ലാസിൽ സോഡയും ഈ സോഡായിലേക്കാണു കുഞ്ഞു ഗ്ലാസ് ഇടുന്നത്. നുരയും പതയും പുറത്തേക്കു പോകുന്നതിനു മുന്പ് കുടിക്കണം. ഇതാണ് ഫുൾ ജാർ സോഡ.
ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു വിദഗ്ധർ
കോട്ടയം: ഫുൾജാർ സോഡ കുടിക്കുന്നതിനു മുന്പ് അൽപം ചിന്തിക്കണമെന്നും ഇത് അധികമായാൽ ആരോഗ്യത്തിനു ഹാനികരമാണെന്നും ഡോക്ടർമാർ. ഫുൾ ജാർ സോഡയിലെ പ്രത്യേക കൂട്ടുകൾ തയാറാക്കുന്നതു വൃത്തിയുള്ള അന്തരീക്ഷത്തിലാണെന്ന് ഉറപ്പാക്കണം. സോഡ എന്ന് പറയുന്ന കാർബണ്ഡയോക്സൈഡ് വാതകം കലക്കിയ വെള്ളം അഥവാ കാർബോണിക് ആസിഡ് ആരോഗ്യത്തിന് അത്ര നല്ലതല്ല.
സ്ഥിരമായി കുടിച്ചാൽ പല്ലു മുതൽ സകല അവയവങ്ങൾക്കും ഇതു ഹാനികരമാണ്. സോഡാഗ്ലാസിലേക്ക് കൂട്ട് ചേർത്തുവച്ചിരിക്കുന്ന വൈൻ ഗ്ലാസ് ഇടുകയാണ്. വൈൻ ഗ്ലാസ് ശരിയായി കഴുകി വൃത്തിയാക്കിയതാണോയെന്ന് ഉറപ്പുവരുത്തണം. ഗ്ലാസിനു പുറത്തെ മാലിന്യം മുഴുവൻ സോഡായിൽ കലർന്ന് നമ്മുടെ ശരീരത്തിലെത്തും. ഫുൾ ജാർ സോഡ ഫുള്ളായി വലിച്ചു കുടിക്കുന്പോൾ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
സോഡായ്ക്കൊപ്പം നല്ല എരിവും പുളിയും ഒക്കെ ഒരുമിച്ചു വയറ്റിലെത്തുന്പോൾ ഉദരസംബന്ധമായ പലപ്രശ്നങ്ങൾക്കും കാരണമാകും. നിലവിൽ ഉദര സംബന്ധമായ പ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.