കോഴിക്കോട്/കോട്ടയം: സോഡ നിറച്ച വലിയ ഗ്ലാസിനകത്തു കുഞ്ഞൻ ഗ്ലാസ് വീഴ്ത്തി മനസും ശരീരവും തണുപ്പിക്കുന്ന ഫുൾജാർ സോഡയുടെ രുചിയിൽ മാരക രോഗങ്ങൾ നുരഞ്ഞുപൊങ്ങാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. മഞ്ഞപ്പിത്തവും വയറിളക്കവും ബാധിക്കാൻ ഇതു ധാരാളം.
കുലുക്കി സർബത്തിനു പിന്നാലെ വഴിയോരങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും താരമായ ഫുൾജാർ കമിഴ്ത്താൻ ആരോഗ്യവകുപ്പ് നെട്ടോട്ടത്തിലാണ്. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും പാത്രങ്ങളുടെയും നിലവാരം പലേടങ്ങളിലും അതിദയനീയമെന്നാണു കണ്ടെത്തൽ. പലരും ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ചും വേണ്ടത്ര വ്യക്തതയില്ല.
അത്ര ജോറല്ല
ഫുൾജാർ സോഡയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി മഞ്ചേരി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം ട്യൂട്ടർ ഡോ. ഷിംന അസീസ് ഫേസ്ബുക്കിൽ എഴുതിയിരുന്നു. കാന്താരിമുളക്, പുതിനയില, പച്ചമുളക് എന്നിവ അരച്ച മിശ്രിതവും ഇഞ്ചി നീരും ഉപ്പും പഞ്ചസാര ലായനിയും ചെറിയ ഗ്ലാസിൽ നിറച്ച് ഐസും സോഡയും നിറച്ച വലിയ ഗ്ലാസിലേക്കിടുന്നതാണ് ഫുൾജാർ സോഡയെന്നാണ് വയ്പ്.
വലിയ തോതിൽ വിറ്റഴിയുന്ന സാഹചര്യത്തിൽ മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസും ഇത്തരം സോഡയിലും ശീതളപാനീയങ്ങളിലും ചേർക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പലേടത്തും റോഡരികിലും ഫുട്പാത്തിലും ചാക്കിലും മറ്റുമാണു വലിയ കഷ്ണം ഐസ് സൂക്ഷിക്കുന്നത്. ഇതു തല്ലിപ്പൊട്ടിച്ചാണ് പലരും ഫുൾ ജാറിലിടുന്നത്.
ഫുൾജാർ സോഡ തയാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകൾ വേണ്ട പോലെ പലരും കഴുകുന്നില്ല. പ്രത്യേകിച്ചു സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്റെ അടിഭാഗം. വേണ്ടത്ര വൃത്തിയില്ലാത്ത മേശപ്പുറത്തുനിന്ന് എടുക്കുന്ന ഗ്ലാസാണ് സോഡയിലേക്കു താഴ്ത്തുന്നത്. ഇതുവഴി ഈ രോഗാണുകൾ സോഡയിൽ കലരാൻ വലിയ സാധ്യതയുണ്ടെന്ന് ഡോ. ഷിംന അസീസ് ദീപികയോടു പറഞ്ഞു.
ചെറിയ ഗ്ലാസിൽ നിറയ്ക്കുന്ന കാന്താരിമുളക്, പുതിനയില, പച്ചമുളക്, ഇഞ്ചി എന്നിവ പലരും വഴിയോരത്തു തുറന്നുവച്ചാണ് ഉപയോഗിക്കുന്നത്. കാർബോണിക് ആസിഡ് അഥവാ സോഡ പതിവായി ഉപയോഗിക്കുന്നതും നല്ലതല്ല. വിചിത്രമായ കൂട്ടാണ് ഫുൾജാർ സോഡയിലുള്ളതെന്നും സ്വാഭാവികമായ വിഭവമല്ല ഇതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.
മൺസൂൺ
മണ്സൂണ് കാലത്തു ഫുൾജാർ സോഡ പോലുള്ള പാനീയങ്ങൾ ആമാശയ, കുടൽ രോഗങ്ങൾക്കു കാരണമാകുമെന്നു കോഴിക്കോട് മെഡിക്കൽ കോളജിലെ പൾമോണജി വിഭാഗം മുൻമേധാവി ഡോ. എ.കെ. അബ്ദുൽ ഖാദർ പറയുന്നു. കാന്താരിപോലുള്ള വസ്തുക്കൾ അധികം ഉപയോഗിക്കുന്നതു ഹാനികരമാണ്.
പോഷകാംശമോ ധാതുലവണമോ ഒന്നുമില്ലാത്തതാണ് സോഡ. കൂടുതൽ ഉപയോഗിച്ചാൽ ഇവയിലെ ചേരുവകകൾ വിശപ്പില്ലായ്മയ്ക്കും കാരണമാകാം. ഹോർമോണുകളെയും സോഡയുടെ ഉപയോഗം പ്രതികൂലമായി ബാധിക്കും. തുടർച്ചയായി സോഡ കുടിക്കുന്നത് എല്ലുകളുടെ തേയ്മാനത്തിനു കാരണമാകാം. കരൾരോഗം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും പതിവായ സോഡ ഉപയോഗം കാരണമായേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.
“തുറന്ന കച്ചവടം അനുവദിക്കില്ല”
വൃത്തിയില്ലായ്മ കണ്ടെത്തിയതോടെ ആരോഗ്യവിഭാഗം പലേടത്തും ഫുൾജാർ സോഡാ കടകൾ അടപ്പിച്ചു. കോട്ടയം സിഎംഎസ് കോളജിനു സമീപത്തെ സോഡ ബാർ നഗരസഭാ ആരോഗ്യവിഭാഗം അടച്ചുപൂട്ടി നിർമാണ സാധനങ്ങൾ പിടിച്ചെടുത്തു.
പരിശോധന ശക്തമായതോടെ ഫുൾജാർ സോഡയുടെ ഗ്യാസ് പോയിരിക്കുകയാണ്. ലൈസൻസ് ഇല്ലാതെയുള്ള കച്ചവടം അനുവദിക്കാനാവില്ലെന്നു നഗരസഭാ അധികൃതർ വ്യക്തമാക്കി. റോഡരികിൽ വാഹനഗതാഗതത്തിനു തടസം സൃഷ്ടിക്കുന്ന തരത്തിലാണു പലേടങ്ങളിലും കച്ചവടം.
വലിയ തിരക്കുള്ള റോഡരികിൽ തുറന്ന അന്തരീക്ഷത്തിൽ പാനീയം തയാറാക്കി നല്കുന്നത് അടക്കമുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണു ഫുൾജാർ സോഡയ്ക്കെതിരേ നടപടി സ്വീകരിച്ചതെന്നു കോട്ടയം നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ലീലാമ്മ ജോസഫ് പറഞ്ഞു. ഒരു ദിവസം പെട്ടെന്നു വഴിയരികിൽ അനുമതിയില്ലാതെ കട തുറന്ന് അനാരോഗ്യകരമായ അന്തരീക്ഷത്തിൽ പാനീയം വിൽക്കുന്നതു ശരിയായ നടപടിയല്ല.
ഉത്തരേന്ത്യയിൽനിന്നും കോഴിക്കോട്, മലപ്പുറം, കൊച്ചി, കോട്ടയം വഴിയാണ് ഫുൾ ജാർ നാടും നഗരവും കീഴടക്കിയത്. തിരക്കും കച്ചവടവും കൂടുന്നതിനാൽ ഗ്ലാസുകൾ ശരിയായി കഴുകി വൃത്തിയാക്കുന്നുണ്ടോയെന്ന സംശയം ആരോഗ്യവിദഗ്ധർക്ക് ഉണ്ട്. സോഡയ്ക്കൊപ്പം നല്ല എരിവും പുളിയുമൊക്കെ ഒരുമിച്ചു വയറ്റിലെത്തുന്പോൾ ഉദരസംബന്ധമായ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.