പയ്യന്നൂര്‍: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ഭാരവാഹികളെന്ന വ്യാജരേഖയുണ്ടാക്കി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഒരുകോടിയോളം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കുഞ്ഞിമംഗലം എടാട്ടെ എം.പി. മധുസൂദനന്റെ പരാതിയെ തുടര്‍ന്നാണ് എടാട്ട് ചെറാട്ട് താമസിക്കുന്ന കെ.വിജയന്, എടാട്ടെ സി.പി.ജയരാജന് എന്നിവര്‍ക്കെതിരേ വഞ്ചനാകുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.
കുഞ്ഞിമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ വിജയനും വൈസ് പ്രസിഡന്റായ ജയരാജും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതായി പരാതിയിലുള്ളത്.
ദേശീയപാത വികസനത്തിനായി നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് എടനാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 17 സെന്റ് സ്ഥലം വിട്ടുകൊടുത്തിരുന്നു.
ഈ വകയില്‍ നഷ്ടപരിഹാരമായി ലഭിച്ച 93,52,274 രൂപ പ്രതികള്‍ എടനാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണെന്ന വ്യാജരേഖയുണ്ടാക്കി ഇവരുടെ പേരില്‍ കേരള ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയില്‍ ആരംഭിച്ച ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റി വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.
2021 ജനുവരി 27 മുതല്‍ സെപ്റ്റംബര്‍ 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതുവരെയുള്ള പലിശയുള്‍പ്പെടെ ഒരുകോടി പതിനഞ്ച് ലക്ഷത്തോളം രൂപയാണ് വാര്‍ഡ് കമ്മിറ്റിക്ക് ലഭിക്കേണ്ടതെന്നും പരാതിക്കാരന് പറയുന്നു.