സ്വന്തം ശവസംസ്കാരം ഏതുവിധത്തിൽ നടക്കണമെന്നാണ് ആഗ്രഹം? ഈ ചോദ്യവുമായി ബ്രിട്ടീഷുകാർക്കിടയിൽ നടത്തിയ സർവേയിൽ വെളിപ്പെട്ടത് അസാധാരണമായ അന്ത്യാഭിലാഷങ്ങൾ! 1,500 വ്യക്തികളെയും 100 ഫ്യൂണറൽ ഹോം ഡയറക്ടർമാരെയും ഉൾപ്പെടുത്തിയായിരുന്നു സർവേ.
തന്റെ ചിതാഭസ്മം കുടുംബാംഗങ്ങൾ ഒരു പാത്രത്തിൽ വീട്ടിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് ഒരാൾ പറഞ്ഞപ്പോൾ മറ്റൊരാൾ അഭിപ്രായപ്പെട്ടത് മരണാനന്തര ചടങ്ങുകൾക്കായി തന്റെ മൃതശരീരം പാരച്ചൂട്ടിൽ കൊണ്ടുപോകണമെന്നായിരുന്നു. മരണശേഷം തങ്ങളുടെ മൃതശരീരം കുഴിച്ചിട്ടാൽ മതിയെന്ന് അഭിപ്രായപ്പെട്ടത് ചുരുക്കം ചിലർമാത്രം.
സർവേയിൽ പങ്കെടുത്ത മുക്കാൽ ഭാഗം പേരും ശവശരീരം ദഹിപ്പിക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. ഈവിധം ആഗ്രഹിച്ചവരിൽ 51 ശതമാനം ആളുകളും തങ്ങളുടെ ചിതാഭസ്മം ഏതെങ്കിലും പ്രശസ്തമായ സ്ഥലത്ത് വിതറണമെന്നും പറഞ്ഞു. എന്നാൽ, 27 ശതമാനം പേർ തങ്ങളുടെ ചിതാഭസ്മം വീട്ടുകാർ ഒരു പാത്രത്തിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. 20 ശതമാനം പേർ തങ്ങളുടെ ചിതാഭസ്മം അടക്കം ചെയ്യണമെന്നും ആഗ്രഹിച്ചു.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകൾ നടത്തിയത് അവരുടെ അന്ത്യാഭിലാഷങ്ങൾ അറിയാതെയാണെന്നു 18 ശതമാനം ആളുകൾ വ്യക്തമാക്കി. “മൃതദേഹം നഗ്നമായി മണ്ണിൽ അടക്കം ചെയ്യണം’ എന്നതടക്കമുള്ള ആഗ്രഹങ്ങൾ സാധിക്കാതെ പോയത് ഉദാഹരണമായും ചിലർ ചൂണ്ടിക്കാട്ടി.
മരണശേഷവും ആളുകൾ തങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഓരോ വ്യക്തിക്കും അവരുടെ അന്ത്യാഭിലാഷങ്ങൾക്കനുസരിച്ച് അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നാണു പൊതുവായി ഉയർന്നുവന്ന അഭിപ്രായം. പക്ഷേ അത്തരം അഭിലാഷങ്ങളില്‍ പലതും മതപരമായ വിശ്വാസങ്ങൾക്ക് പുറത്താണെന്നതിനാൽ സാധിക്കാൻ സാധ്യതയില്ലെന്നത് മറ്റൊരു കാര്യം.