ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. തുണി മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഫംഗസ് ബാധകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിട്ടുണ്ട്. ഫംഗസ് ബാധകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. ഫംഗസ് ബാധിച്ച് കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ വന്നിട്ടുണ്ട്.
ഇവർക്കു വേണം മുൻകരുത
കാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റിവച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ചു വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഗർഭിണികളും കുട്ടികളും മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും.
ഗുരുതരമാകുമോ?
ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യഭാഗങ്ങൾ, നഖങ്ങൾ, ചർമം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങാവുന്നതുമാണ്.
സൈനസിലും!
ചിലരിൽ സൈനസുകൾ, ശ്വാസകോശം എന്നിവ നശിക്കുന്നതിന് ചില ഫംഗസ് ബാധകൾ കാരണമാകാറുണ്ട്.
ശ്വാസകോശങ്ങളെ ആക്രമിച്ചാൽ
ഫംഗസ് ശ്വാസകോശങ്ങളെ ആക്രമിക്കുകയാണെങ്കിൽ ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാനമായി കാണുന്ന അസ്വസ്ഥതകൾ. ചിലരിൽ ഇതിൻെറ കൂടെ തലവേദനയും ഉണ്ടായിരിക്കും. ഫംഗസ് ബാധകളിൽ പൊതുവായി കാണാൻ കഴിയുന്ന ലക്ഷണങ്ങളിൽ താഴെ പറയുന്നവ കൂടി ഉണ്ടാകാവുന്നതാണ്. അസ്വസ്ഥത, തളർച്ച, ചിന്താക്കുഴപ്പം, ദഹനേന്ദ്രിയ പ്രശ്നങ്ങൾ, വിശപ്പ് കുറയുക, ശരീരഭാരം കുറയുക, കണ്ണുകളിൽ ചുവപ്പ് നിറം, കാഴ്ച മങ്ങൽ, മുറിവുകൾ ഉണങ്ങാതിരിക്കുകയോ പഴുക്കുകയോ ചെയ്യുക.
ചികിത്സ വൈകരുത്
നാം ജീവിക്കുന്ന വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത പരിസരങ്ങളിൽ നിന്നും ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും, പ്രത്യേകിച്ച് പ്രമേഹം, ആസ്ത്മ എന്നിവയുള്ളവരിൽ. ഫംഗസ് ബാധിക്കുന്ന അവസരങ്ങളിൽ ഒട്ടും വൈകാതെ ആശുപത്രിയിൽ പോകുകയാണ് വേണ്ടത്.
ശരിയായരീതിയിൽ രോഗനിർണയവും ചികിത്സയും സാധ്യമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. അശ്രദ്ധയും അലസതയും ഒഴിവാക്കിയാൽ തന്നെ ഒരുപാട് ദുരിതങ്ങളും മരണങ്ങളും ഒഴിവാക്കാൻ കഴിയും. പഴകിയ ആഹാരം കഴിക്കരുത്. വ്യക്തിശുചിത്വമില്ലായ്മയും അപകടകരമാണ്. ശുചിത്വം പാലിക്കുകയും വൃത്തിയായി ജീവിക്കുകയും ചെയ്യുന്നത് ഫംഗസ് ബാധകളെ അകറ്റി നിർത്താൻ സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393