ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഇവിടെ മാത്രമല്ല, അങ്ങ് ഗള്‍ഫിലുമുണ്ട്. വോട്ട് ചെയ്യാന്‍ ചില പ്രവാസികള്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത് കാത്തിരിപ്പിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശം മൂത്ത്, നാട്ടിലേക്ക് എടുത്ത ടിക്കറ്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു പ്രവാസിക്ക് കിട്ടിയതാകട്ടെ വലിയ പണിയും.
മംഗളൂരു സ്വദേശിയായ ജോല്‍സന്‍ ലാബു എന്ന ഇരുപത്തിയൊമ്പതുകാരനാണ് ഈ ഓണ്‍ലൈന്‍ പോസ്റ്റ് കാരണം വെട്ടിലായത്. എയര്‍ ഇന്ത്യയില്‍ നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് പോസ്റ്റ് ചെയ്തതിനോടൊപ്പം ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് പരസ്യപിന്തുണയും വീഡിയോയിലൂടെ ഇയാള്‍ പ്രഖ്യാപിച്ചു.
മാര്‍ച്ച് 29നാണ് ജോല്‍സന്‍ വീഡിയോ പോസ്റ്റ് ചെയ്ത്. എന്നാല്‍ വീഡിയോയില്‍ നിന്നും ടിക്കറ്റിന്റെ പിഎന്‍ആര്‍ നമ്പര്‍ മനസിലാക്കിയ ഒരു വിരുതന്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഈ ടിക്കറ്റ് റദ്ദാക്കി. ഏപ്രില്‍ ഒന്നിനാണ് ലാബുവിനിത് മനസിലാകുന്നത്.
21,045 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 9,000 രൂപ മാത്രമാണ് കമ്പനി ഇയാള്‍ക്ക് തിരികെ നല്‍കിയത്. ടിക്കറ്റ് റദ്ദാക്കിയത് അറിഞ്ഞ ദിവസം തന്നെ ലാബൂ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടാമത് ഏതായാലും വീഡിയോ പോസ്റ്റ് ചെയ്ത് ആവേശം കാണിക്കാന്‍ ലാബു നിന്നില്ല.