മലയാളികള്‍ക്ക് ഇന്നും നഷ്ടബോധം സമ്മാനിക്കുന്ന മരണങ്ങളിലൊന്നാണ് കലാഭവന്‍ മണിയുടേത്. പാതിവഴിയില്‍ ജീവിതത്തോട് വിടപറഞ്ഞ മണിയുടെ വിവാഹത്തിനിടെ സംഭവിച്ച രസകരമായ ഒരു കാര്യം ഓര്‍ത്തെടുക്കുകയാണ് സഹോദരന്. 1999 ഫെബ്രുവരി 4 നാണ് കലാഭവന്‍ മണി ഭാര്യ നിമ്മിയുടെ കഴുത്തി മണി താലി ചാര്‍ത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിവാഹ ദിനത്തില്‍ നടന്ന രസകരമായ സംഭവം സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് പങ്കുവയ്ക്കുകയുണ്ടായി. മണിയുടേയും നിമ്മിയുടേയും വിവാഹ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് രാമകൃഷ്ണ ആ രസകരമായ സംഭവം പറഞ്ഞത്.
മണിച്ചേട്ടന്റെ വിവാഹ വാര്‍ഷികം എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഈ ഫോട്ടോ കാണുമ്പോള്‍ രസകരമായ ഒരു സംഭവം ഇന്നലെ നടന്നതു പോലെ ഓര്മ വരുന്നു.മണി ചേട്ടന്റെയും ചേടത്തിയമ്മയുടെയും പുറകില്‍ നില്ക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചു നോക്കുക! കണ്ണാടി വച്ച്, മുല്ല പൂ തലയില്‍ വച്ചത് അമ്മയും,ഓറഞ്ച് സാരി ഉടുത്തത് ഞങ്ങളുടെ മൂത്ത സഹോദരിയും പച്ച സാരി ഉടുത്തത് മൂത്ത ചേട്ടത്തിയമ്മയും ആണ്.
താലി കെട്ട് കഴിഞ്ഞ് മന്ത്രകോടി അന്വേഷിച്ചപ്പോള്‍ കാണുന്നില്ല. ആകെ ടെന്‍ഷനായി ജനങ്ങളും സിനിമാ താരങ്ങളും തിങ്ങി കൂടി നില്ക്കുന്നു. കല്യാണതിരക്കില്‍ മന്ത്രകോടി വീട്ടില്‍ നിന്ന് എടുക്കാന്‍ മറന്നു പോയി. ഒടുവില്‍ മന്ത്രകോടി എടുക്കാന്‍ ഞാന്‍ വീട്ടിലേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ വാതില്‍ താക്കോലിട്ടു പൂട്ടിയിരിക്കുന്നു. ഒടുവില്‍ അമ്മിക്കുഴ എടുത്ത് അടുക്കള വാതിലിന്റെ പൂട്ടി തല്ലി പൊളിച്ച് മന്ത്രകോടിയും എടുത്ത് കല്യാണം നടക്കുന്ന കോസ് മോസ് ക്ലബിലെത്തി. വിവാഹം കഴിഞ്ഞ് ഈ കാര്യം ചേട്ടനോടു പറഞ്ഞപ്പോള്‍ കൂട്ട ചിരിയായി.