തലശേരി: കൈയേറ്റത്തിന്റെ പേരിൽ ഫർണിച്ചർ നിർമാണ കന്പനി തലശേരി നഗരസഭ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയതിനെ തുടർന്ന് ദന്പതികൾ നാടുവിട്ടു. തലശേരി നഗരസഭാ പരിധിയിലാണ് സംഭവം.
“അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല. ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട …
ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് “ഞങ്ങളുടെ മൊഴി’ എന്ന് തലക്കെട്ടോടെ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു ശേഷമാണ് ദന്പതികൾ നാടുവിട്ടത്.
ഫർണിച്ചർ സ്ഥാപനത്തിന്റെ ഉടമകളായ പ്രമുഖ ബാല സാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീ ദിവ്യ (48) എന്നിവരെ ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്.
മികച്ച വ്യവസായികൾ എന്ന നിലക്ക് മന്ത്രി പി. രാജീവനിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയ ദമ്പതികളെയാണ് കാണാതായിട്ടുള്ളത്.
സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികൾ പാലക്കാട് വഴി കടന്നു പോയിട്ടുള്ളതായ സൂചനകൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
എരഞ്ഞോളി വ്യവസായ പാർക്കിലാണ് ദമ്പതികൾ ഫർണിച്ചർ ഫാക്ടറി നടത്തിയിരുന്നത്. പത്ത് ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ സ്ഥലം കൈയേറിയെന്നാരോപിച്ച് നഗരസഭ അടച്ചു പൂട്ടു കയായിരുന്നു.
ഇവർക്ക് നാല് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് തുക ഗഡുക്കളാക്കി അടക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഈ ഉത്തരവുമായി എത്തിയ ദമ്പതികളോട് ഉദ്യോഗസ്ഥർ കയർത്തു സംസാരിച്ചതായും റിപ്പോർട്ടുണ്ട്.