തൃശൂർ: കോർപറേഷൻ വൈദ്യുതി ബിൽ അടയ്ക്കാത്തതുമൂലം നഗരത്തിലെ ചെറുകിട ശുദ്ധജല വിതരണ പദ്ധതികളുടെ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചു. ഇതോടെ തൃശൂർ നഗരത്തിലെ അനേകം കുടുംബങ്ങൾക്കു കുടിവെള്ളം മുടങ്ങി.
വൈദ്യുതി ബിൽ അടച്ച് ജലവിതരണം പുനസ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരവാസികൾ തൃശൂർ കോർപറേഷൻ സെക്രട്ടറിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ നേതൃത്വത്തിലായിരുന്നു സമരം.
നഗരത്തിലെ എല്ലാ ഡിവിഷനുകളിലും അനേകായിരം കുടുംബങ്ങൾക്കാണു പ്രാദേശിക കുടിവെള്ള പദ്ധതികൾ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഓരോ ഡിവിഷനിലും കുഴൽ കിണർ കുഴിച്ച് മോട്ടോർ സ്ഥാപിച്ച് പ്രദേശത്തെ അന്‍പതോ നൂറോ കുടുംബങ്ങൾക്കു കുടിവെള്ളം വിതരണം ചെയ്യുന്ന നിരവധി ചെറുകി ട പദ്ധതികളുണ്ട്.
ഗുണഭോക്തൃ സമിതികളാണ് ഓരോന്നിന്റേയും മേൽനോട്ടം വഹിക്കുന്നത്. ഇത്തരം പദ്ധതികളിലെ വെള്ളം പന്പു ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ബിൽ കോർപറേഷനാണ് അടച്ചിരുന്നത്. വൈദ്യുതി ബിൽ ഇനി കോർപറേഷൻ അടക്കില്ലെന്നും ഓരോ പ്രദേശത്തേയും ഗുണഭോക്തൃ സമിതികൾതന്നെ വൈദ്യുതി ബിൽ അടയ്ക്കണമെന്നുമാണ് കോർപറേഷന്റെ പുതിയ നിലപാട്.
വിവരം ഗുണഭോക്തൃസമിതികളെ അറിയിച്ചില്ല. കോർപറേഷൻ പണം അടയ്ക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഇതോടെ കുടിവെള്ളം മുടങ്ങിയ വീട്ടുകാർ സമരത്തിനിറങ്ങുകയായിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് കോർപറേഷൻ സെക്രട്ടറി ഉറപ്പു നൽകിയപ്പോഴാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.