കാട്ടാക്കട : കേടായ എൽഇഡി ബൾബുകൾ ഇനി ഉപേക്ഷിക്കേകണ്ട വിഎച്ച്എസ്സി എൻഎസ്എസ് വോളന്റിയർമാർ പ്രകാശിപ്പിക്കും. വിവിധ സ്കൂളുകളിൽ രണ്ടു ദിവസമായി നടത്തുന്ന ക്യാമ്പിന്റെ ഭാഗമായി പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ നാൽപതോളം വിദ്യാർഥികൾ പങ്കെടുത്തു.
നാഷണൽ സർവിസ് സ്കീം ദ്വിദിന സമ്മർ ക്യാമ്പിന്റെ ഭാഗമായിട്ടാണ് കേടുവന്ന എൽഇഡി ബൾബുകൾ ഉപയോഗയോഗ്യമാക്കാൻ വോളന്റിയർമാർക്ക് പരിശീലനം നൽകിയത്.വിഎച്ച്എസ്സി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് അധ്യാപകനായ ജിമ്മി എസ്. കുമാർ ആണ് പരിശീലനം നൽകിയത്.
വിഎച്ച്എസ്സി അധ്യാപകനായ ഉദയ കുമാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കേടായ എൽഇഡി ബൾബുകൾ ശേഖരിച്ചു കേടുപാട് തീർത്തു ഇവ നൽകിയവർക്ക് തന്നെ തിരികെ നൽകി.
ഇവ ദീർഘകാലം ഉപയോഗിക്കുകയും കൂടാതെ കേടു വരുമ്പോൾ ഇവ വലിച്ചെറിഞ്ഞു ഉണ്ടാകുന്ന പരിസര മലിനികരണം ഒഴിവാക്കുകയും ചെയ്യാം. ഇതിനായി തുടർ പ്രവർത്തനങ്ങളും നടത്തുമെന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കൂടിയായ ഉദയകുമാർ പറഞ്ഞു.