കുറവിലങ്ങാട്: ഇലയ്ക്കാട് കോളനിയിൽനിന്ന് വൈദ്യുതി കുടിശികയുടെ പേരിൽ കൂട്ടത്തോടെ ഫ്യൂസ് ഊരി.
കോളനിയിലും സമീപത്തുള്ള വീടുകളിലും നിന്നായി അന്പതിലേറെ ഫ്യൂസുകൾ ഊരിയതായാണ് നാട്ടുകാരുടെ ആക്ഷേപം.
എന്നാൽ കോളനികളുടേതെന്ന പേരിൽ കണക്കുകൾ ലഭ്യമല്ലെന്നും മുപ്പതോളം കണക്ഷനുകൾ വിഛേദിച്ചതായാണു ബോധ്യപ്പെടുന്നതെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.
എട്ടു മാസം വരെ കുടിശികയുള്ളവരുടെ കണക്ഷനാണ് വിഛേദിച്ചതെന്നാണു കെഎസ്ഇബിയുടെ നിലപാട്. രണ്ടായിരം രൂപ വരെ കുടിശിക അടയ്ക്കാനുള്ളവരുണ്ടെന്നും പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് സജീവമായിരിക്കെ കോളനിയിൽ വൈദ്യുതി കൂട്ടത്തോടെ മുടങ്ങിയത് രാഷ്ട്രീയ നേതൃത്വത്തിനും തലവേദനയായി.
സംഭവത്തെത്തുടർന്ന് സിപിഎം ഏരിയാ സെക്രട്ടറി പി.എം. ജോസഫ്, ലോക്കൽ സെക്രട്ടറി ബേബി വർക്കി, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കിയിൽ എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ഇബി അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഫ്യൂസുകൾ തിരികെ നൽകിയതായാണ് അറിയുന്നത്.
ഗഡുക്കളായി തുക അടയ്ക്കാമെന്ന ഉറപ്പിലാണ് കർശന നടപടികളിൽ ഇളവുണ്ടായതെന്നാണു പറയപ്പെടുന്നത്. ഒത്തുതീർപ്പുകൾക്കു മുന്പ് പത്തോളം പേർ പണമടച്ച് ഫ്യൂസ് തിരികെ വാങ്ങിയിരുന്നു.