മുക്കൂട്ടുതറ: പള്ളിയുടെ മതിലിൽ സ്പർശിച്ച വിദ്യാർഥിക്ക് ഷോക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പെട്ടെന്ന് വലിച്ചു മാറ്റി രക്ഷപ്പെടുത്തി. രക്ഷിച്ചവർക്ക് ചെറിയ തോതിൽ വൈദ്യുതാഘാതമേറ്റു.
ഇന്നലെ ഇടകടത്തി തലയിണത്തടം പള്ളി ജംഗ്ഷനിലാണ് സംഭവം. ഇവിടെ റോഡിൽ വഴിവിളക്കിന് ഫ്യൂസ് സ്ഥാപിച്ചിരിക്കുന്നത് പള്ളിയുടെ ഉയർന്ന കരിങ്കൽകെട്ടിലാണ്. ഈ ഫ്യൂസിൽ നിന്ന് വൈദ്യുതി പ്രവഹിച്ചതാണ് അപകടമായത്. മുമ്പ് മതിലിൽ നിന്നു പലർക്കും വൈദ്യുതാഘാതം ഏറ്റിരുന്നെന്ന് നാട്ടുകാർ പറയുന്നു.
അപകടം സൃഷ്ടിക്കുന്ന ഫ്യൂസ് മാറ്റണമെന്ന് കെഎസ്ഇബി എരുമേലി സെക്ഷൻ അധികൃതരോട് ഫോണിൽ വിളിച്ച് പരാതി അറിയിച്ചതാണെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും സിപിഐ നേതാവ് എബി കാവുങ്കൽ ആരോപിച്ചു.