കോഴിക്കോട് : വൈദ്യുതി ബില്‍ അടച്ചില്ലെന്ന പേരുപറഞ്ഞ് ഫ്യൂസൂരാനെത്തിയ കെഎസ്ഇബി തൊഴിലാളി വീട്ടിലുണ്ടായിരുന്ന സ്ത്രീയെ മര്‍ദിച്ചതായി പരാതി.
പറമ്പില്‍ ബസാര്‍ ഗള്ഫ്ബസാര് പള്ളിക്കു സമീപത്തെ പടിഞ്ഞാറെ കയക്കാളി ജുനൈസിന്റെ സഹോദരി സുഹറാബിക്കാണ് ജീവനക്കാരന്റെ മര്‍ദനമേറ്റത്. തുടര്‍ന്ന് ഇവര്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
സംഭവവുമായി ബന്ധപ്പെട്ട് ചേവായൂര്‍ പോലീസിനും വനിതാ കമ്മിഷനും കെഎസ്ഇബിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് വീട്ടുടമയായ ജുനൈസിന്റെ പേരില്‍ കെഎസ്ഇബി പരാതി നല്‍കിയിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് ജുനൈസ് പറയുന്നത്: ഇക്കഴിഞ്ഞ 28 നാണ് കേസിനാസ്പദമായ സംഭവം. ജുനൈസിന്റെ വീടിന് സമീപത്ത് പുതുതായി ഒരു ഫ്ളാറ്റ് നിര്‍മിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഫ്ളാറ്റ് ഉടമയുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഫ്ളാറ്റ് ഉടമയുടെ ബന്ധു കെഎസ്ഇബിയിലാണ്.
ഗാര്‍ഹിക കണക്ഷന്റെ ബില്ല് അടക്കേണ്ട അവസാന തിയതി ജനുവരി 27 നായിരുന്നു. 29ന് ജുനൈസ് ഓണ്‍ലൈന്‍ വഴി പണം അടച്ചു. 11.17 നായിരുന്നു പണമടച്ചത്.
അന്ന് 11.45 ഓടെ കെഎസ്ഇബി ജീവനക്കാരന് വീട്ടിലെത്തി ഫ്യൂസൂരുമെന്ന് അറിയിച്ചത്രേ. എന്നാല്‍ പണം അടച്ചതായി വീട്ടിലുള്ള ജുനൈസിന്റെ ഭാര്യയും സഹോദരിയും അറിയിച്ചു. ഇതൊന്നും മുഖവിലക്കെടുക്കാതെ ജീവനക്കാന് ഫ്യൂസൂരി.
അതിനിടെ തടയാന്‍ ശ്രമിച്ച സ്ത്രീകളോട് അസഭ്യം പറയുകയും സഹോദരിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. നിലവിളി കേട്ട് ഓടികൂടിയവരാണ് സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരാതി പരിശോധിച്ചശേഷം നടപടിയെന്ന് പോലീസ്
കോഴിക്കോട് : കെഎസ്ഇബി ജീവനക്കാരന് മര്‍ദിച്ചുവെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം കേസെടുക്കുമെന്ന് ചേവായൂര്‍ സിഐ ടി.പി.ശ്രീജിത്ത്. സംഭവത്തില്‍ ആദ്യം കെഎസ്ഇബി ജീവനക്കാരനാണ് പരാതി നല്‍കിയത്.
ഈ പരാതിയില്‍ മൂന്ന് പേരെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കേസെടുത്തതിന് ശേഷമാണ് മര്‍ദിച്ചെന്നാരോപിച്ച് വീട്ടുകാര്‍ പരാതി നല്‍കിയത്.
ഫ്യൂസ് ഊരാനായി എത്തിയ കെഎസ്ഇബി ജീവനക്കാരന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇരുപരാതികളും ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും സിഐ അറിയിച്ചു.