കൊച്ചി: വൈജ്ഞാനിക ഡിജിറ്റൽ വളർച്ചയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദ്വിദിന ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിന് ഇന്നു കൊച്ചിയിൽ തുടക്കം. മരടിലെ ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
ഇലക്ട്രോണിക്സ് ആൻഡ് ഐടി സെക്രട്ടറി എം. ശിവശങ്കർ, ഐടി ഉന്നതാധികാര സമിതി (എച്ച്പിഐസി) ചെയർമാൻ എസ്.ഡി. ഷിബുലാൽ, എച്ച്പിഐസി അംഗം വി.കെ. മാത്യൂസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കും. ഗതാഗതം, വിവരശേഖരം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യം, ചില്ലറവിപണി എന്നീ മേഖലകളിലെ ലോകപ്രശസ്തരായ വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും.
ഉച്ചകോടിയുടെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള പാനൽ ചർച്ചകൾക്കുപരിയായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിനു വിദഗ്ധരുടെ പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പാനൽ ചർച്ചകൾക്ക് ഔദ്യോഗിക സ്വഭാവമാണുള്ളത്. സംസ്ഥാനത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന കാര്യങ്ങൾ ഉദ്യോഗസ്ഥർക്കു നേരിട്ട് വിദഗ്ധരുമായി ചർച്ച ചെയ്യാം.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ബിഗ് ഡാറ്റ, ആരോഗ്യം, സുസ്ഥിരത, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യം, റീട്ടെയിൽ, ഗതാഗതം, സഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഭാവിസമീപനങ്ങൾ ചർച്ചാവിഷയമാകും.
സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഭാവി ഡിജിറ്റൽ ലോകത്തിലേക്കുള്ള വാതായനമാകും ഹാഷ് ഫ്യൂച്ചർ എന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു.
150 അംഗങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ അച്ചീവേഴ്സ് നെറ്റ്വർക് ഓഫ് കേരള ഒറിജിൻ എന്ന ശൃംഖലയ്ക്ക് ഉച്ചകോടി രൂപംനല്കും. നൂതനമായ ഡിജിറ്റൽ എക്സ്പീരിയൻസ് തിയറ്റർ ഉച്ചകോടിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാകും.
പൂർണമായി ഡിജിറ്റൽവത്്കരിച്ച ആദ്യ സംസ്ഥാനസർക്കാർ പരിപാടിയായിരിക്കും ഹാഷ് ഫ്യൂച്ചർ. മൊബൈൽ അധിഷ്ഠിതമായിരിക്കും സേവനങ്ങളെല്ലാം.