പഴയങ്ങാടി(കണ്ണൂർ): കണ്ണൂർ പുതിയങ്ങാടിയിൽ കടലിൽ നങ്കൂരമിട്ട ദുൽഹജ്ജ് എന്ന ഫൈബർ വള്ളത്തിനു തീപിടിച്ചു. ഇന്നു പുലർച്ചെ നാലോടെയാണ് തീപിടിത്തം ഉണ്ടായത്. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വലയും എൻജിനും വള്ളവും മറ്റു മത്സ്യബന്ധന ഉപകരണങ്ങളുമാണു കത്തിനശിച്ചത്. തീപിടിത്തത്തത്തുടർന്ന് വള്ളത്തിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പൂർണമായും കത്തിയ വള്ളം കടലിൽ മുങ്ങിപ്പോയി.
കത്തിയ വള്ളത്തിനു സമീപത്തായി നിർത്തിയിട്ട മറ്റു വള്ളങ്ങളിലേക്കു തീ പടരാതിരുന്നത് ആശ്വാസമായി. പുതിയങ്ങാടി സ്വദേശികളായ ശിഹാബ്, സമീർ, മിൻഹാജ്, റിയാസ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കത്തിയ വള്ളം. അപകടത്തെത്തുടർന്ന് ഇന്നു രാവിലെ മുതൽ ഉച്ചവരെ പുതിയങ്ങാടിയിൽ മത്സ്യത്തൊഴിലാളികൾ ഹർത്താൽ പ്രഖ്യാപിച്ചു.