ന്യൂഡൽഹി: ശനിയാഴ്ച ആരംഭിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ഡൽഹിയിലേക്ക്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവർ ഇന്നെത്തും.
നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് തിനുബു ഇന്നലെയെത്തി. കനത്ത സുരക്ഷ ഏർപ്പെടുത്തിയ ഡൽഹിയിൽ ഇന്നു മുതൽ മൂന്നു ദിവസം പൊതു അവധിയാണ്. ഞായറാഴ്ചയാണ് ഉച്ചകോടി സമാപിക്കുന്നത്.
ആസിയാൻ -ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻഡോനേഷ്യയിലാണുള്ളത്. ഇന്ന് വൈകിട്ടു മോദി ഇന്ത്യയിലേക്ക് തിരിക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽനിന്നു വിട്ടുനിൽക്കുകയാണ്. പക്ഷേ, പ്രതിനിധികൾ പങ്കെടുക്കും.
ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാനത്തെ ചൊല്ലി തർക്കമുണ്ട്. യുക്രെയിൻ വിഷയത്തിൽ സമവായം ഇല്ലെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ വ്യക്തമാക്കിയത്.
രാഷ്ട്രീയ വിഷയങ്ങളിൽ സമവായമുണ്ടായില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം, സ്ത്രീ ശാക്തീകരണം, ജൈവ ഇന്ധന ഉപയോഗം തുടങ്ങിയ വിഷയങ്ങളിലെ ധാരണകളിൽ ഉച്ചകോടിയിലെ ചർച്ചകൾ അവസാനിച്ചേക്കും.