തിരുവനന്തപുരം: ഓൺലൈനിൽ നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ചു മുന്നറിയിപ്പു നൽകി കേരള പോലീസ്. ജി മെയിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ അക്കൗണ്ട് ഉടൻ റദ്ദാക്കുമെന്ന സന്ദേശ രൂപത്തിലാണു തട്ടിപ്പുകാർ ഉപഭോക്താക്കളെ സമീപിക്കുന്നത്.
അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇ മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും സന്ദേശത്തിലുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്താനും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നു പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
കന്പ്യൂട്ടറിലേക്ക് വൈറസുകളോ മാൽവെയറുകളോ കയറാനും ഇടവന്നേക്കും.ഇത്തരത്തിലുള്ള ഈമെയിൽ ലഭിച്ചാൽ ഉടൻതന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിൽ സ്റ്റോജ് വിവരങ്ങൾ പരിശോധിക്കണമെന്നും ഒരിക്കലും ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പോലീസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.