ശ്രീഹരിക്കോട്ട: ഇന്ത്യൻ ഉപഗ്രഹങ്ങളിലെ ബാഹുബലി എന്നറിയപ്പെടുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിസാറ്റ്-29 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ യുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് വിക്ഷേപിച്ചത്. രണ്ടാം വിക്ഷേപണ തറയിൽനിന്ന് ബുധനാഴ്ച വൈകിട്ട് 5.08നായിരുന്നു വിക്ഷേപണം.
ഐഎസ്ആർഒയുടെ ജിഎസ്എൽവി-എംകെ-3 റോക്കറ്റാണ് വിക്ഷേപണത്തിനു ഉപയോഗിച്ചത്. 3,423കിലോഗ്രാം ഭാരവും 43.4 മീറ്റർ ഉയരവുമുള്ള ജിസാ റ്റ്-29 ഇന്ത്യ ഇവിടെ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ്. വിക്ഷേപണത്തിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50ന് കൗണ്ട് ഡൗൺ ആരംഭിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ആശങ്ക ഉയർത്തിയെങ്കിലും ഇത് വിക്ഷേപണത്തെ ബാധിച്ചില്ല.
ഉപഗ്രഹത്തിന് പത്തുവർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. കാഷ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവന ങ്ങൾ വർധിപ്പിക്കാൻ ജിസാറ്റ്-29 സഹായകമാകും. ഇന്ത്യ നിർമിച്ച 33 ാം വാർത്താവിനിമയ ഉപഗ്രഹമായിരുന്നു ജിസാറ്റ്-29.